
കൊച്ചി: കലൂർ ആസാദ് റോഡ്…സമയം വൈകീട്ട് 4.30. വന്യത പൂണ്ടെത്തിയ തെരുവുനായ് കടിച്ചുകീറിയത് അഞ്ചുപേരെ. കിലോമീറ്ററുകൾക്കിപ്പുറം തമ്മനം ജങ്ഷൻ… അതേ ദിവസം രാത്രി ഒമ്പതുമണി. ഇരുട്ടിന്റെ മറവിൽ പെട്ടെന്നെത്തിയ തെരുവുനായുടെ ആക്രമണം രണ്ടുപേർക്ക് നേരെ.
കടിയേറ്റത് ലോട്ടറി വിൽപ്പനക്കാരനും പിന്നെയൊരു യുവാവിനും. പിറ്റേദിവസം രാവിലെ അയ്യപ്പൻകാവ് ഭാഗത്ത് രണ്ടുപേർക്കും കടിയേറ്റു. കൊച്ചി നഗരത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത് പത്തോളം പേർക്കാണ്.
കലൂരിൽ ആക്രമണം അഴിച്ചുവിട്ട നായെ കണ്ടെത്താൻ പറ്റിയിട്ടില്ലെന്നതും പരിഭ്രാന്തി ഇരട്ടിയാക്കുന്നു. കൊച്ചിയിൽ മാത്രമല്ല, ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, നാടെന്നോ നഗരമെന്നോ ഭേദമില്ലാതെ തെരുവുനായ്കൾ വിലസുമ്പോൾ ജനം തെരുവിലിറങ്ങുന്നത് ഭീതിയോടെയാണ്.
എപ്പോഴാണ്, എവിടെനിന്നാണ് ആക്രമണം വരികയെന്നറിയില്ല. കടിയേറ്റാലുടൻ ഇടവിട്ടുള്ള പ്രതിരോധ കുത്തിവെപ്പുകൾ ഉറപ്പാക്കേണ്ടതുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിലുൾപ്പെടെ കുത്തിവെപ്പ് ലഭ്യമാണ്.
ഭീതിയുടെ കുര…
എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്റ്റേഷനുകളിൽ ഒരുതവണയെങ്കിലും പോയവർ കണ്ടിട്ടുണ്ടാകും, പ്ലാറ്റ്ഫോമിൽ യാത്രക്കാരെ പേടിപ്പിക്കുന്ന തെരുവുനായ് ക്കൂട്ടത്തെ. കൂട്ടംക്കൂട്ടമായാണ് തെരുവ് നായ്കൾ പ്ലാറ്റ്ഫോമിലൂടെ അലയുന്നത്. കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്ന ഇവ യാത്രക്കാർക്കും ജീവനക്കാർക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ കുരച്ചുകൊണ്ട് കൂട്ടമായെത്തുന്ന നായ്ക്കളെ ഒഴിവാക്കാൻ നടപടിയൊന്നും അധികൃതർ സ്വീകരിക്കുന്നില്ല. പലർക്കും റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കടിയേൽക്കാറുമുണ്ട്. റെയിൽവേ സ്റ്റേഷൻ മാത്രമല്ല, കെ.എസ്.ആർ.ടി.സി സ്റ്റാൻഡും നായ്ക്കളുടെ വിഹാര കേന്ദ്രമാണ്.
ഇതു കൂടാതെ മറൈൻ ഡ്രൈവ്, എറണാകുളം മാർക്കറ്റ്, കലൂർ, കതൃക്കടവ്, തമ്മനം, സ്റ്റേഡിയം ലിങ്ക് റോഡ് തുടങ്ങിയ മേഖലകളിലെല്ലാം തെരുവുനായ്ക്കളെ കൂട്ടത്തോടെ കാണാറുണ്ട്.
ആദ്യ വിളി കൗൺസിലർമാർക്ക്…
എവിടെയെങ്കിലും തെരുവുനായ്ക്കൾ ഇറങ്ങി ആക്രമിക്കുകയോ പരിഭ്രാന്തി പരത്തുകയോ ചെയ്താൽ നാട്ടുകാർ ആദ്യവും അവസാനവും വിളിക്കുന്നത് അന്നാട്ടിലെ വാർഡ് അംഗങ്ങളെയാണ്. ഇത് കൊച്ചി കോർപറേഷനെന്നോ ഏതെങ്കിലും ഗ്രാമപഞ്ചായത്തെന്നോ വ്യത്യാസമില്ല.
എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും കടിയേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനുമെല്ലാം കൗൺസിലർ അല്ലെങ്കിൽ വാർഡ് അംഗം വേണം. ഉദ്യോഗസ്ഥരെ വിളിച്ചു കിട്ടിയില്ലെങ്കിലോ നടപടി സ്വീകരിച്ചില്ലെങ്കിലോ ഉള്ള പഴിയും ജനപ്രതിനിധികൾക്കു തന്നെ. കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലുൾപ്പെടെ ഇക്കാര്യം പലവട്ടം കൗൺസിലർമാർ ചൂണ്ടിക്കാണിച്ചിരുന്നു.
എ.ബി.സി പോരാ, കൂട് വേണം…
തെരുവുനായ്ക്കളുടെ കടിയേറ്റാലുടൻ അവയെ പിടികൂടി ബ്രഹ്മപുരത്തെ എ.ബി.സി കേന്ദ്രത്തിലേക്ക് മാറ്റി വന്ധ്യംകരിച്ച് അതേ സ്ഥലത്ത് തിരിച്ചുവിടുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ, ഇതുകൊണ്ട് പ്രയോജനമില്ലെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും വ്യക്തമാക്കുന്നത്. ഇത്തരത്തിൽ തുറന്നുവിട്ട നായ്ക്കൾ പിന്നെയും ആക്രമിക്കുന്ന സാഹചര്യമുണ്ടെന്നും ഇതിനു പരിഹാരമായി തെരുവുനായ്ക്കളെ ഷെൽറ്ററിലേക്ക് മാറ്റണമെന്നും തമ്മനം ഡിവിഷൻ കൗൺസിലർ സക്കീർ തമ്മനം ചൂണ്ടിക്കാട്ടി.
നിലവിൽ കൊച്ചി കോർപറേഷന് കീഴിൽ ബ്രഹ്മപുരത്ത് തെരുവുനായ് അഭയകേന്ദ്രം നിർമിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതർ. ബി.പി.സി.എൽ സാമ്പത്തിക സഹായത്തോടെ 33 ലക്ഷം ചെലവിട്ട് 100ഓളം നായ്ക്കൾക്ക് കഴിയാവുന്ന രീതിയിലാണ് ഒരുങ്ങുക.
ഇതിന്റെ എസ്റ്റിമേറ്റ് പൂർത്തിയായെന്നും ജൂലൈ മാസത്തിനുള്ളിൽ കേന്ദ്രം ഒരുങ്ങുമെന്നും കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. അഷ്റഫ് വ്യക്തമാക്കി. കൂടാതെ, എ.ബി.സി പദ്ധതിയും വിപുലമാക്കുകയാണ്. നിലവിൽ രണ്ട് ഡോക്ടർമാരും നാല് നായ് പിടിത്തക്കാരുമാണുള്ളത്.
ഒരു ഡോക്ടറുടെ നിയമനനടപടി പുരോഗമിക്കുന്നു. നായ് പിടിത്തക്കാരുടെ എണ്ണവും വർധിപ്പിക്കും. ഒരു വാഹനമെന്നത് മൂന്നാക്കി വർധിപ്പിക്കും. നവംബറിൽ കൂട്ട വാക്സിനേഷൻ പദ്ധതിയും നടപ്പാക്കും. കൊച്ചിയിൽ തെരുവുനായ്ക്കളെ വന്ധ്യംകരിച്ചാലും മറ്റുപ്രദേശങ്ങളിൽ നിന്ന് നായ്ക്കൾ കൂട്ടത്തോടെ എത്തുന്നതാണ് വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
+ There are no comments
Add yours