
മുഹമ്മദ് കൈഫ്, മുഹമ്മദ് നബീൽ, ഷിയാസ്, മുഹമ്മദ് റിസ്വാൻ
മട്ടാഞ്ചേരി: പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ നാല് പേർ പിടിയിലായി. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ്(23), ഷിയാസ്(25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), കരുവേലിപ്പടി സ്വദേശി മുഹമ്മദ് റിസ്വാൻ(23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി നൈറ്റ് പട്രോളിങിലുണ്ടായിരുന്ന മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് ഇവർ ആക്രമിച്ചത്. കാറിൽ വരികയായിരുന്ന സംഘം പാലസ് റോഡിൽ വെച്ച് പൊലിസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കാർ ഓടിച്ച് പോവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് പനയപ്പിള്ളി ഭാഗത്ത് പൊലീസ് ഈ വാഹനം കാണുകയും കാറിലുണ്ടായിരുന്നവരോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോൾ തട്ടിക്കയറുകയുമായിരുന്നു. ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ ഇവർ പൊലീസിനെ അക്രമിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് ബലപ്രയോഗത്തിലൂടെ ഇവരെ പൊലീസ് വാഹനത്തിൽ കയറ്റിയപ്പോൾ അഞ്ചിൽ ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിടിയിലായവരിൽ ഷിയാസ്, നബീൽ എന്നിവർ എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെയുള്ളവയിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
മട്ടാഞ്ചേരി അസി. കമീഷണര്‍ ഉമേഷ് ഗോയൽ, മട്ടാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എ. ഷിബിൻ, സബ് ഇൻസ്പെക്ടർ ജയപ്രസാദ്, എ.എസ്.ഐ ഗിരീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, ബിനു, ബൈജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
+ There are no comments
Add yours