വീട്ടിലെ പ്രസവത്തിൽ മരണം: ഭർത്താവിനെതിരെ പരാതി; വേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ എത്തിച്ചില്ലെന്ന്

പെരുമ്പാവൂര്‍: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ രംഗത്ത്. മലപ്പുറം ചട്ടിപ്പറമ്പിൽ താമസിക്കുന്ന സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്​ലിയാരുടെ മകളുമായ അസ്മ (35) മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന്​ ആരോപിച്ച്​ യുവതിയുടെ ബന്ധുക്കൾ പെരുമ്പാവൂര്‍ പൊലീസിൽ പരാതി നൽകി. ഇത്​ മലപ്പുറം പൊലീസിന് കൈമാറും.

മന്ത്രവാദ ചികിത്സയും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തുന്ന ഭർത്താവ് പ്രസവവേദന അനുഭവപ്പെട്ടിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നാണ് ആരോപണം. ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീന്‍ ചികിത്സയടക്കം യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുന്നയാളാണ്.

യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. യുവതി മരിച്ച വിവരം ആദ്യം ഇയാള്‍ ആലപ്പുഴയിലെ സുഹൃത്തിനെയാണ് അറിയിച്ചത്. പിന്നീടാണ് യുവതിയുടെ ബന്ധുക്കളോട് പറഞ്ഞത്. യുവതിയുടെ മൃതദേഹവുമായി സിറാജുദ്ദീനും അഞ്ച് സുഹൃത്തുക്കളും ഞായറാഴ്ച രാവിലെ അറക്കപ്പടിയിലെത്തിയപ്പോൾ ചെറിയ​ തോതിൽ സംഘർഷമുണ്ടായി​. ക്ഷുഭിതരായ വീട്ടുകാര്‍ സിറാജുദ്ദീനോട് തട്ടിക്കയറി. തങ്ങളെ മർദിച്ചെന്നാരോപിച്ച് സിറാജുദ്ദീനും സുഹൃത്തുക്കളും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്ത്രീകള്‍ ഉൾപ്പെടെയുള്ളവരെ സിറാജുദ്ദീനും സുഹൃത്തുക്കളും മർദിച്ചതായി യുവതിയുടെ ബന്ധുക്കളും പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours