
കൊച്ചി: മൂന്നര വർഷത്തിനിടെ ജില്ലയിൽ അനർഹരുടെ കൈവശമുണ്ടെന്ന് കണ്ടെത്തി മാറ്റിയത് 17,932 എണ്ണം മഞ്ഞ, പിങ്ക് വിഭാഗത്തിൽപെടുന്ന മുൻഗണന റേഷൻ കാർഡുകൾ. ഇതിൽ 2514 എ.എ.വൈ (മഞ്ഞ) കാർഡും 15,418 പി.എച്ച്.എച്ച് (പിങ്ക്) കാർഡുമാണ്. സർക്കാർ ഉത്തരവ് പ്രകാരം മുൻഗണന വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നതിന് മാനദണ്ഡങ്ങളുണ്ട്.
ഇതനുസരിച്ച് പരാമർശിച്ച ഒഴിവാക്കൽ ഘടകങ്ങൾ ഉൾപ്പെട്ടുവരുന്ന കുടുംബങ്ങളെയാണ് മുൻഗണന പട്ടികയിൽനിന്ന് ഒഴിവാക്കുന്നത്. ഇത്തരത്തിൽ കണ്ടെത്തിയ കാർഡ് ഉടമകളെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
മുൻഗണന വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്നതിന്റെ മാനദണ്ഡം
സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവിസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് 4 തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10,000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ)
- ആദായ നികുതി ഒടുക്കുന്നവർ
- പ്രതിമാസ വരുമാനം 25,000 രൂപക്ക് മുകളിലുള്ളവർ
- സ്വന്തമായി ഒരേക്കറിന് മേൽ ഭൂമിയുള്ളവർ (പട്ടികവർഗക്കാർ ഒഴികെ)
- സ്വന്തമായി 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള ഫ്ലാറ്റോ വീടോ ഉള്ളവർ
- നാല് ചക്രവാഹനം സ്വന്തമായി ഉള്ളവർ (ഏകഉപജീവന മാർഗമായ ടാക്സി ഒഴികെ)
- കുടുംബത്തിൽ ആർക്കെങ്കിലും വിദേശജോലിയിൽനിന്നോ സ്വകാര്യ സ്ഥാപന ജോലിയിൽനിന്നോ 25,000 രൂപയിൽ അധികം പ്രതിമാസ വരുമാനമുള്ളവർ.
�എറണാകുളം ജില്ലസ്വമേധയാ സറണ്ടർ ചെയ്ത കാർഡുകൾ
എ.എ.വൈ (മഞ്ഞ) -1260
പി.എച്ച്.എച്ച് (പിങ്ക്) -8256
പരിശോധനയിലൂടെ കണ്ടെത്തിയ കാർഡുകൾ
എ.എ.വൈ (മഞ്ഞ) -930
പി.എച്ച്.എച്ച് (പിങ്ക്) -5250
പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയ
കാർഡുകൾ
എ.എ.വൈ (മഞ്ഞ) -324
പി.എച്ച്.എച്ച്(പിങ്ക്) -1912
ആകെ
എ.എ.വൈ (മഞ്ഞ) -2514
പി.എച്ച്.എച്ച് (പിങ്ക്) -15418