
വൈറ്റിലയിൽ സി.എസ്.എം.എൽ സ്ഥാപിച്ച വഴിവിളക്കുകൾ
കൊച്ചി: ഇരുളിന്റെ മറവിലെ അതിക്രമങ്ങൾക്ക് ഇനി കൊച്ചിയിൽ ഇടമുണ്ടാവില്ല. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ലഹരി ഇടപാടുകൾക്കും സൗകര്യപ്രദമായി രാത്രികാലങ്ങളെ തെരഞ്ഞെടുക്കുന്ന കുറ്റവാളികൾക്ക് ഇനി അത്തരം ഇടങ്ങൾ കൊച്ചിയിൽ കണ്ടെത്താൻ പ്രയാസമായിരിക്കും. നഗരം മുഴുവൻ പ്രകാശവലയത്തിലാക്കുന്ന വമ്പൻ വഴിവിളക്ക് പദ്ധതിയുടെ അവസാന ഘട്ടത്തിലാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ).
കൊച്ചി കോർപറേഷൻ പരിധിയിലെ 74 ഡിവിഷനുകളിലും മികവുറ്റ വഴിവിളക്കുകൾ സ്ഥാപിക്കുന്ന പ്രവർത്തിയാണ് പൂർത്തീകരണത്തിലേക്ക് എത്തുന്നത്. നിലവിൽ 34000ത്തോളം ലൈറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. ജനുവരി 15ഓടെ ഇത് 40,400ലെത്തിക്കുമെന്ന് കൊച്ചി സ്മാർട്ട്മിഷൻ ലിമിറ്റഡ് സി.ഇ. ഷാജി വി. നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പദ്ധതി പൂർത്തിയാവുന്നതോടെ നഗരത്തിലെ പ്രധാന പാതകളെല്ലാം വഴിവിളക്കിന് കീഴിലാകുമെന്നതാണ് പ്രത്യേകത. കൊച്ചി കോർപറേഷൻ മുഴുവൻ ആധുനിക നിലവാരത്തിലുള്ള വഴിവിളക്കുകൾ സ്ഥാപിക്കുന്ന ഈ പദ്ധതിയുടെ ചെലവ് 40 കോടി രൂപയാണ്.
ലൈറ്റുകൾ സ്ഥാപിക്കുന്നത് കൂടാതെ അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപണികളും സി.എസ്.എം.എൽ നിർവഹിക്കും. ലൈറ്റുകൾ കേട് സംഭവിച്ചാൽ അത് മാറിവെക്കുന്നത് ഉൾപ്പെടെ എല്ലാം അതിലുൾപ്പെടും. ചെറിയ റോഡുകളുടെ അരികുകളിൽ ഉൾപ്പെടെ നിലവിൽ ആധുനിക ലൈറ്റുകൾ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. പലയിടങ്ങളിലും മുമ്പുണ്ടായിരുന്ന കേബിളുകൾ നശിച്ച സാഹചര്യത്തിൽ അത് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.
കുറവ് ഊർജത്തിൽ കൂടുതൽ പ്രകാശം
നിലവിലുണ്ടായിരുന്ന വിളക്കുകളെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതൽ പ്രകാശം ലഭിക്കുന്നവയാണ് സി.എസ്.എം.എൽ സ്ഥാപിക്കുന്നത്. പ്രകാശം കൂടുമെന്നത് മാത്രമല്ല, ഊർജ ഉപഭോഗത്തിൽ ഗണ്യമായ കുറവുമുണ്ടാകും. ഇന്ത്യയിൽ ലഭ്യമായതിൽ ഏറ്റവും ഊർജ ഉപഭോഗം കുറഞ്ഞ എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിക്കുന്നത് എന്നതാണ് കാരണം.
കുറഞ്ഞ വൈദ്യുതി ചെലവിൽ കൂടുതൽ പ്രകാശമെന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് സി.എസ്.എം.എൽ അധികൃതർ വ്യക്തമാക്കി. 150 ലൂമൻ പെർവാട്ട് ലൈറ്റുകളാണ് സ്ഥാപിച്ചുവരുന്നത്. മറ്റ് പലയിടങ്ങളിലും 110 ലൂമൻ പെർവാട്ട് വരെയുള്ള ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ 30 ശതമാനത്തോളം വൈദ്യുതി ചെലവ് ലാഭിക്കാനാകുമെന്നാണ് അധികൃതർ വിശദീകരിച്ചത്.