കാക്കനാട്: റീല്‍സ് ചിത്രീകരണത്തിനിടെയുള്ള അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്.
ഒരാഴ്ചക്കിടെ മൂന്ന് പേർക്കെതിരെയാണ് വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കണ്ടയ്നർ ഗ്രൗണ്ടിൽ 15 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് പരസ്യവുമായി ബന്ധപ്പെട്ട റീൽസ് എടുത്തതും, കാക്കനാടും പരിസര പ്രദേശത്തും കാറിന്റെ ഡിക്ക് തുറന്നിട്ട് റീൽസ് ചിത്രീകരിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾക്കാണ് നടപടി സ്വീകരിച്ചത്.
ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും പിഴ ഈടാക്കലുമാണ് നിലവിലുള്ള ശിക്ഷാനടപടി. റീൽസിനെത്തുന്നതിൽ കൂടുതലും മറ്റു ജില്ലക്കാർ
ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ബിച്ചുകളിലും റീൽസ് ചിത്രീകരണത്തിനായി എത്തുന്നവരിൽ കൂടുതലും ഇതര ജില്ലകളിൽ നിന്നുള്ളവരാണ്. സുഹൃത്തുക്കളുടെ അടുത്ത് പോകുന്നുവെന്ന വ്യാജേനയാണ് ജില്ലയിൽ എത്തുന്നതും റീൽസ് ചിത്രീകരണം നടത്തുന്നതും.
കാണുന്നതെന്തും റീല്‍സാക്കി മാറ്റാനുള്ള പരിസരം മറന്നുള്ള ശ്രമങ്ങള്‍ അപകടങ്ങൾക്കൊപ്പം മറ്റുപല സാമൂഹ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നത് പതിവാണ്.
മാരകമായി പരിക്കേറ്റ് സ്വപ്നങ്ങള്‍ക്ക് കൂച്ചുവിലങ്ങുവീണുപോയ ഹതഭാഗ്യരായ ചെറുപ്പക്കാര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം സാഹസികതകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിരന്തരം അഭ്യർഥിച്ചുകൊണ്ടിരിക്കുന്നതിനും സോഷ്യല്‍ മീഡിയ സാക്ഷിയാണ്.
അപകട ഷൂട്ടിങ് പതിവ്
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി കടൽ തീരത്ത് തകർന്ന പുലിമുട്ടിന് മുകളിൽ കയറി നിന്ന് കൗമാരക്കാർ റീൽ ചെയ്യുന്നത് പതിവ് സംഭവമാണ്.
ഇതുവരെ ആരും അപകടത്തിൽ പെട്ടിട്ടില്ലെങ്കിലും ഏതുസമയവും ജീർണിച്ച പുലിമുട്ട് തകർന്ന് വീഴാൻ സാധ്യതയുണ്ട്. റീൽ ചെയ്യുന്ന വേളയിൽ തകർന്നാൽ അത് ദുരന്തത്തിന് ഇടവരുത്തിയേക്കും. തീരത്തെ പായൽ നിറഞ്ഞ കല്ലുകളിൽ ചവിട്ടി ഇറങ്ങുന്നതും റീൽ എടുക്കുന്നതും സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്.
യുവാക്കളുടെ കേന്ദ്രമായി സീപോർട്ട്-എയർപോർട്ട് റോഡ്
കളമശ്ശേരി: രണ്ടറ്റവും കൂട്ടിമുട്ടാതെ നിർമാണം പൂർത്തിയാക്കാനിരിക്കുന്ന സീപോർട്ട് -എയർപോർട്ട് റോഡ് യുവാക്കളുടെ വാഹന മത്സര ഓട്ട കേന്ദ്രമായിരിക്കുകയാണ്. പാതി പൂർത്തിയായ നാല് വരി റോഡിൽ മത്സരത്തിനൊപ്പം കാറുകളും ബൈക്കുകളും റേസിങ് പരിശീലനത്തിനും ഇടമാക്കിയിരിക്കുന്നു. ഇതിനുപുറമേയാണ് അഴിച്ചുവിട്ട പോത്തുകൾ കുറുകെ കടന്നുള്ള അപകടങ്ങളും.
റോഡിൽ ഒരു വർഷത്തിനിടെ അപകടങ്ങളിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടു. ഇതിൽ ആഡംബര ബൈക്കിൽ റേസിങ് നടത്തി വരവെ നിയന്ത്രണം വിട്ട് തെറിച്ച് വീണാണ് ഒരു യുവാവ് മരിച്ചത്. കഴിഞ്ഞ മാസം 14നാണ് അവസാന അപകടം. അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് പോത്ത് ചാവുകയും ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേൽക്കുകയുമായിരുന്നു. വെളിച്ചമില്ലാത്ത വിജനമായ റോഡ് യുവതി-യുവാക്കളുടെ ഉല്ലാസകേന്ദ്രം കൂടിയാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ബൈക്ക് റേസിങ് നടത്തി വരവേ പോത്ത് വട്ടം ചാടി ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾക്കാണ് പരിക്കേറ്റത്.
വർഷങ്ങൾക്ക് മുമ്പ് നിർമാണം തുടങ്ങിയ സീപോർട്ട് എയർപോർട്ട് റോഡിന്റെ എച്ച്.എം.ടി റോഡുമായി ബന്ധപ്പെടുന്ന ഭാഗവും എൻ.എ.ഡി റോഡുമായി ബന്ധപ്പെടുന്ന ഭാഗങ്ങളും കൂട്ടിയോജിപ്പിച്ചിട്ടില്ല. പൂർത്തിയായ റോഡിലൂടെ ഗതാഗതം പാടില്ലെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗൗനിക്കാത്തതും നിയമനടപടികൾ ഉണ്ടാകാത്തതുമാണ് അപകടങ്ങൾ പതിവാകാൻ കാരണം.
+ There are no comments
Add yours