കൊച്ചി: മുസ് ലിം ലീഗ് ഓഫിസിന് മുമ്പിൽ അഡ്വ. മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ. ലീഗ് എറണാകുളം ജില്ല കമ്മിറ്റി ഓഫിസിന് മുമ്പിലാണ് രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് വിമർശനം.
കളമശേരി സീറ്റിന് വേണ്ടി വഖഫ് ഭൂമി വിഷയത്തിൽ സമുദായത്തെയും പാർട്ടിയെയും വഞ്ചിച്ച മുഹമ്മദ് ഷായെ പുറത്താക്കുക. എറണാകുളം ജില്ലയിൽ പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഷായെ ബഹിഷ്കരിക്കുക. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് വി.ഡി സതീശനെ തെറ്റിദ്ധരിപ്പിച്ച മുഹമ്മദ് ഷായെ പാർട്ടിയിൽ നിന്ന് പുറത്താക്കുക എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്.
അതേസമയം, എറണാകുളം ലീഗിലെ പടലപിണക്കമാണ് മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ട്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കളമശ്ശേരി സീറ്റിൽ മത്സരിക്കാനുള്ള നീക്കമാണ് ഷാ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.