കൊച്ചി: ടി.ജെ. വിനോദ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം പൂർത്തീകരിച്ച ചേരാനല്ലൂർ പൊതുശ്മശാനം എം.എൽ.എ നാടിന് സമർപ്പിച്ചു. ഒന്നര വർഷത്തെ അറ്റകുറ്റപ്പണി കരാറോടെയാണ് പൊതുമേഖല സ്ഥാപനമായ കെൽ നവീകരണം പൂർത്തിയാക്കിയത്.
മികച്ച നിലവാരത്തിലുള്ള മൂന്ന് സ്റ്റെയിൻലെസ്സ് സ്റ്റീൽ ചിമ്മിനികളും ഫർനസുകളുമുണ്ട്. മെച്ചപ്പെട്ട ജ്വലനത്തിനായി ഓക്സിജൻ നൽകാൻ പ്രത്യേകം ബ്ലോവർ സിസ്റ്റവും പുക വലിച്ചെടുക്കാൻ എക്സ്ഹോസ്റ്റ് ബ്ലോവർ സംവിധാനവും ശ്മശാനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരേസമയം മൂന്ന് മൃതശരീരങ്ങൾ സംസ്കരിക്കാമെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.
ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആരിഫ മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ സ്റ്റെൻസ്ലാ വോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സ്മിത സ്റ്റാൻലി, രാജു അഴിക്കകത്ത്, ലിസി വാര്യത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷൈമോൾ ജെംസൺ, പി.കെ. ഷീജ, രമ്യതങ്കച്ചൻ, വിൻസി ഡേറീസ്, മിനി വർഗീസ്, മരിയ ലില്ലി, റിനി ഷോബി, കെൽ അസി. എൻജിനീയർ വിഷ്ണു പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷംന എന്നിവർ പങ്കെടുത്തു.