കാക്കനാട്: ഭക്ഷ്യവിഷബാധയേറ്റ് എറണാകുളം ആർ.ടി.ഒയും മകനും ആശുപത്രിയിൽ. ഇതോടെ, ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ (52), മകൻ അശ്വിൻ കൃഷ്ണ (23) എന്നിവരാണ് എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ളത്. കാക്കനാട് ടി.വി സെന്ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്.
നിർത്താതെയുള്ള ഛർദി, വയറിളക്കം എന്നിവയെ തുടർന്നാണ് ഇരുവരും ചികിത്സ തേടിയത്. ആര്യാസ് ഹോട്ടലിൽനിന്ന് തിങ്കളാഴ്ച രാവിലെ മസാലദോശയും ചമ്മന്തിയും കഴിച്ചതായി ആർ.ടി.ഒ അറിയിച്ചു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ഹോട്ടലിൽ നിന്ന് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക.