പറവൂർ: സി.പി.എം ഏഴിക്കര ലോക്കൽ കമ്മിറ്റിയിൽ ഉടലെടുത്ത വിഭാഗീയത സമ്മേളനം സമാപിച്ചതോടെ കൂടുതൽ രൂക്ഷമായി. ലോക്കൽ സമ്മേളനത്തിൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതാണ് പ്രശ്നം രൂക്ഷമാകാൻ ഇടയാക്കിയത്.
ബ്രാഞ്ച് കമ്മിറ്റി അംഗം പി. തമ്പിയുടെ ആത്മഹത്യയെത്തുടർന്നാണ് വിഭാഗീയത മറനീക്കി പുറത്തുവന്നത്. തമ്പിയുടെ മരണത്തിന് ഉത്തരവാദി ഏഴിക്കര ലോക്കൽ കമ്മിറ്റിയിലെ പ്രമുഖനാണെന്ന ആരോപണത്തെയും ബഹളത്തെയും തുടർന്ന് ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. തമ്പിയുടെ മരണത്തിൽ കുടുംബം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിക്ക് ശേഷം ഔദ്യോഗിക പക്ഷം വിട്ടുവീഴ്ചക്ക് തയാറായതാണ് ലോക്കൽ സമ്മേളനത്തിൽ കണ്ടത്.
തിങ്കളാഴ്ച നടന്ന ലോക്കൽ സമ്മേളനത്തിൽ സെക്രട്ടറി ദിലീഷിനെ സ്ഥാനത്തുനിന്നും മാറ്റി. കമ്മിറ്റിയിൽനിന്ന് മാറ്റി നിർത്തിയിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് സന്ദീപിനെയും ഏലിയാസിനെയും ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി.
തമ്പിയുടെ ഭാര്യ അനിതക്ക് വീണ്ടും ലോക്കൽ കമ്മിറ്റിയിൽ ഇടം നൽകി. ഔദ്യോഗിക പക്ഷത്തിന് താൽപര്യമുള്ള ആരും ഏഴിക്കരയിൽ ഇല്ലാത്തതിനാൽ കോട്ടുവള്ളി പഞ്ചായത്തിലെ തത്തപ്പിള്ളിയിൽനിന്നുള്ള പി.പി. അജിത് കുമാറിനെയാണ് ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് ഔദ്യോഗിക പക്ഷത്തും വിമത പക്ഷത്തും മുറുമുറുപ്പിന് കാരണമായിട്ടുണ്ട്.
ലോക്കൽ കമ്മിറ്റിയിൽനിന്ന് പ്രതാപൻ, രവി എന്നിവരെ ഒഴിവാക്കായതും പുതിയ തർക്കത്തിന് ഇടയാക്കി. ഏഴിക്കരയിൽ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും കൂടുതൽ ശക്തിയോടെ വിഭാഗീയത തുടരുമെന്നാണ് പുതിയ സംഭവങ്ങൾ നൽകുന്ന സൂചന.