മട്ടാഞ്ചേരി: തോപ്പുംപടിയിലെ ലോഡ്ജ് മുറിയിൽ അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചൊവ്വാഴ്ച രാത്രിയാണ് അസം സ്വദേശി കബ്യ ജ്യോതി കക്കാടിനെ (26) തോപ്പുംപടി നേതാജി ലോഡ്ജിലെ ഒമ്പതാം നമ്പർ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അസം സ്വദേശി അഭിജിത്തിനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
ചൊവ്വാഴ്ച രാവിലെയാണ് കബ്യയും മറ്റ് മൂന്നുപേരും ലോഡ്ജിൽ മുറിയെടുത്തത്. കബ്യയും പൊലീസ് കസ്റ്റഡിയിലുള്ള അഭിജിത്തും ഒരേ മുറിയിലാണ് താമസിച്ചത്. മറ്റ് രണ്ടുപേർ തൊട്ടടുത്ത മുറിയിലും. മുറി ഒഴിയാൻ സമയമായിട്ടും വാതിൽ തുറക്കാതെ വന്നതോടെ ലോഡ്ജ് അധികൃതർ തുറന്ന് പരിശോധിച്ചപ്പോഴാണ് കബ്യ മരിച്ചുകിടക്കുന്നത് കണ്ടത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് അറിഞ്ഞതോടെ പൊലീസ് കൊലപാതകമാണെന്ന് ഉറപ്പിച്ചു. അഭിജിത്തിനെ കാണാതായേതാടെ പൊലീസ് അടുത്ത മുറിയിൽ താമസിച്ചിരുന്നവരെ നിരീക്ഷണത്തിലാക്കി. സംഭവശേഷം പകൽ അഭിജിത്ത് മരക്കടവ് ജെട്ടിയിൽ സുഹൃത്തുക്കളുമായി ചെലവഴിച്ചശേഷം രാത്രി ട്രെയിനിൽ അസമിലേക്ക് പോകാനായിരുന്നു പദ്ധതി. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ മനസ്സിലാക്കിയ പൊലീസ് ബുധനാഴ്ച രാത്രി ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.