വൈപ്പിൻ: കേരള സ്കൂള്‍ കായിക മേളയുടെ പ്രെമോ വിഡിയോ ഗാനത്തിലൂടെ ശ്രദ്ധേയനായി നായരമ്പലം സ്വദേശി അഭിജിത്ത് സന്തോഷ്. ‘തെളിനാളമായ് നവജീവനായ്’ എന്നു തുടങ്ങുന്ന അഭിജിത്ത് ആലപിച്ച ഗാനമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. തൃപ്പൂണിത്തുറ ആര്.എല്‍.വി സംഗീത കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഗായകന് നായരമ്പലം കൊല്ലം പറമ്പില്‍ സന്തോഷ് കുമാറിന്റെയും ജോബിമോളുടെയും മൂത്തമകനാണ്. ശാരീരിക പരിമിതികളെ മറികടന്ന് കാലുകള്‍കൊണ്ട് ചിത്രം വരക്കുകയും സൈക്കിള്‍ ചവിട്ടുകയും നീന്തുകയുമൊക്കെ ചെയ്യുന്ന പാലക്കാട് ആലത്തൂര്‍ സ്വദേശിയായ പ്രണവിന്റെ ജീവിതമാണ് 2.40 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രെമോ വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് അകമ്പടിയായാണ് അഭിജിത്തിന്റെ ആവേശമുണര്‍ത്തുന്ന ഗാനം.
നവമ്പര്‍ നാല് മുതല്‍ 11 വരെയാണ് കൊച്ചിയില്‍ സംസ്ഥാന കായിക മേള നടത്തുന്നത്. ഇതിന്റെ പ്രചാരണാർഥം പുറത്തിറക്കിയ വിഡിയോയുടെ നിര്‍മാണം മില്‍മയാണ്. സര്‍ജി വിജയന് രചന നിര്‍വഹിച്ച ഗാനത്തിന് ചലച്ചിത്ര സംഗീത സംവിധായകന് ബിബിന്‍ അശോകാണ് ഈണം പകര്‍ന്നിരിക്കുന്നത്. ആശയവും സംവിധാനവും സതീഷ്.