പെരുമ്പാവൂര്‍: 14 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയിലായി. കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാര്‍ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കല്‍ ലിജോജോര്ജ് കുര്യന് (33), ഒഡിഷ കണ്ടമാല്‍ സ്വദേശികളായ പവിത്ര പര്സേത്ത് (25), ബിജയ് നായക്ക് (27) എന്നിവരെയാണ് റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും, പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടത്തായി കഞ്ചാവ് പിടികൂടിയത്. ഒഡിഷയില്‍ നിന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനത്തിലാണ് മലയാളികളായ രണ്ടു പേര് ഒമ്പത് കിലോ കഞ്ചാവ് കടത്തിയത്. ഓടക്കാലി ഭാഗത്തേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. പെരുമ്പാവൂര്‍ ഭാഗത്ത് വാഹനം തടഞ്ഞുനിര്‍ത്തിയാണ് പരിശോധന നടത്തിയത്. പ്രത്യേകം കവറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഇവര്‍ ഇതിനുമുമ്പും കഞ്ചാവ് കൊണ്ടു വന്നിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഒഡിഷ കണ്ടമാല്‍ സ്വദേശികളെ അഞ്ചു കിലോ കഞ്ചാവുമായി പഴങ്ങനാട് ഭാഗത്ത് നിന്നാണ് പിടികൂടിയത്. സൗത്ത് കളമശ്ശേരിയിലെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രതികള്‍ നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തിവരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ട്രെയിന്‍ മാര്‍ഗം കളമശ്ശേരിയില്‍ കഞ്ചാവുമായി എത്തിയ വിജയ് നായിക്, പവിത്ര പര്സേത്ത് എന്നിവര്‍ പഴങ്ങനാട് ഭാഗത്ത് വില്പനക്കായി എത്തുകയായിരുന്നു. ഓണത്തോടനുബന്ധിച്ചായിരുന്നു പരിശോധന. എ.എസ്.പി മോഹിത് റാവത്ത്, നർകോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.