പള്ളിക്കര: കേരളത്തിൽ ഹസാഡസ് ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന പേരെടുത്ത് ലക്ഷ്മി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോവുന്ന വാഹനങ്ങൾ ഓടിക്കാൻ ഹെവി ലൈസൻസിന് പുറമേ വേണ്ട ഹസാഡസ് ലൈസൻസ് 21ാം വയസ്സിൽ കരസ്ഥമാക്കിയിരിക്കുകയാണ് പള്ളിക്കര വെമ്പിള്ളി സ്വദേശിയായ ലക്ഷ്മി. ഇപ്പോൾ ഭാരത് ബെൻസിന്റെ ടാങ്കർ ലോറി ഓടിക്കുകയാണ് ലക്ഷ്മി. അപൂർവം സ്ത്രീകൾ മാത്രമാണ് ഹസാഡസ് ലൈസൻസ് എടുക്കാറുള്ളു. ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഹസാഡസ് ലൈസൻസ് എടുക്കുകയെന്നത്. ടാങ്കർ ഡ്രൈവറായ പിതാവ് അനന്തകൃഷണന്റെ കൂടെ മൂന്നു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ പോകുമായിരുന്നു.
കോവിഡ് വന്നതോടെ ഹെൽപ്പറെ െവച്ച് വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ അനന്തകൃഷ്ണൻ ഭാര്യ സൗമ്യയെ ഹെൽപറായി കൊണ്ട് പോയിരുന്നു. അവർക്ക് പി.എസ്.സി വഴി ജോലി ലഭിച്ചതോടെയാണ് ലക്ഷ്മി പോയിത്തുടങ്ങിയത്.
ഇതോടെ ലൈസൻസ് കരസ്ഥമാക്കണമെന്ന ആഗ്രഹം സജീവമായി. 20ാം വയസ്സ് മുതൽ അതിനുള്ള പരിശ്രമം തുടങ്ങി. പിറ്റേ വർഷം, ലൈസൻസ് കിട്ടി. അന്നുമുതൽ പിതാവിനൊപ്പം ഡ്രൈവറായി ലക്ഷ്മിയും കൂടെപ്പോയി. ഒരിക്കൽ ആലുവ–തൃപ്പൂണിത്തുറ റൂട്ടിൽ ലൈൻ ബസും ഓടിച്ചിട്ടുണ്ട്. ഇപ്പോൾ ഭർത്താവ് വിഷ്ണുവിനെക്കൂടി ഹസാഡസ് ലൈസൻസ് എടുപ്പിച്ച് നാഷനൽ പെർമിറ്റ് ലോറിയിൽ രണ്ടുപേരും കൂടി പോകാനുള്ള തയാടുപ്പിലാണ് ലക്ഷ്മി.