ആലുവ: പാടെ തകർന്ന ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒരാഴ്ചക്കുള്ളിൽ തുടങ്ങാമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഹൈകോടതിയെ അറിയിച്ചു. തോട്ടുമുഖം മുതൽ പകലോരമറ്റം വരെ ഭാഗമാണ് പൂർണമായി തകർന്നത്. നിലവിലുള്ള കാലാവസ്ഥ സാഹചര്യങ്ങൾ കാരണം പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കാലാവസ്ഥ സാഹചര്യങ്ങൾ അനുസരിച്ച് ഒരാഴ്ചക്കുള്ളിൽ പ്രവർത്തി പൂർത്തിയാക്കാൻ എല്ലാ നടപടികളും എടുക്കുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കോടതിയെ അറിയിച്ചു.
പി.ഡബ്ല്യു.ഡി സൂപ്രണ്ട് എൻജിനീയറും വാട്ടർ അതോറിറ്റിയിലെ സൂപ്രണ്ടിങ് എൻജിനീയറും പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ ചർച്ച ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ആലുവ-മൂന്നാർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് സംരക്ഷണ ജനകീയ സമിതി ചെയർമാൻ മരിയ അബു സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരുന്നത്. കോടതിയിൽ ഹാജരായ ഉദ്യോഗസ്ഥർ, മഴയടക്കമുള്ള പ്രശ്നങ്ങൾ വിശദീകരിക്കുകയും ഒരാഴ്ച്ചക്കുള്ളിൽ പണികൾ ആരംഭിക്കാമെന്ന് അറിയിക്കുകയുമായിരുന്നു.
വിധിയെ റോഡ് ജനകീയ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു. രക്ഷാധികാരി അബ്ദുൽ വഹാബ്, ചെയർപേഴ്സൻ മരിയ അബു, കൺവീനർ സലാം ആയത്ത്, ഇസ്മായിൽ ചെന്താര, അബ്ദുൽ അസീസ്, ജാഫർ, ജോസ് എന്നിവർ പങ്കെടുത്തു.