കിഴക്കമ്പലം: മലയിടംതുരുത്ത് നടക്കാവ് പര്യത്ത് കോളനിയിൽ വീണ്ടും കുടിയൊഴിപ്പിക്കാൻ നീക്കം. പെരുമ്പാവൂർ മുൻസിഫ് കോടതി നൽകിയ സ്റ്റേ ബുധനാഴ്ച അവസാനിച്ചതോടെയാണ് കുടികൊഴിപ്പിക്കാനുള്ള നീക്കം ശക്തമായത്. ഒരു വർഷം മുമ്പ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് അഡ്വക്കറ്റ് കമീഷൻ ജയപാലിന്റെ നേതൃത്വത്തിൽ താലൂക്ക് സർവയർ ഉൾപ്പെടെ എത്തി കോളനി പൊളിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇവരുടെ പുനരധിവാസത്തിന് നാല് ദിവസം സമയം കൊടുക്കുകയായിരുന്നു. തുടർന്ന് കോളനി നിവാസികൾ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്ന് താൽക്കാലികമായി സ്റ്റേ വാങ്ങിയിരുന്നു.
സ്റ്റേ കാലാവധി അവസാനിച്ചതോടെ വീണ്ടും കോളനി പൊളിക്കാനുള്ള നീക്കം ശക്തമാക്കിയത്. ഇതേ തുടർന്ന് കോടതി അഡ്വക്കറ്റ് കമീഷന് വേണ്ട സഹായം നൽകാൻ പൊലീസിനോടും ജല അതോറിറ്റിയോടും വൈദ്യുതി ബോർഡിനോടും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ കോളനി പൊളിച്ച് നീക്കാനെത്തിയാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കോളനി നിവാസികൾ പറഞ്ഞു. ഏഴ് പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് തലമുറകളായി അനുഭവിച്ചുവന്ന ഭൂമിയാണെങ്കിലും പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഈ കുടംബങ്ങള്‍.
50 വര്‍ഷം മുമ്പാണ് തന്റെ ഭൂമി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന് അന്യായമായി കൈയേറിയിരിക്കുന്നതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരന്‍നായര്‍ രംഗത്തെത്തിയത്.
പിന്നീട് ഈ ഭൂമിക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങള്‍ സുപ്രീംകോടതി വരെ നീണ്ടെങ്കിലും വിധി എതിരായതാണ് ഇപ്പോള്‍ നടപടിയിലേക്ക് നീങ്ങാന്‍ കാരണമായത്.
തങ്ങളുടെ മുത്തച്ഛനായിട്ട് ലഭിച്ച ഭൂമിയാണിതെന്ന് കാളുകുറുമ്പന്റെ മകന് അയ്യപ്പന് പറഞ്ഞു. 30 വര്‍ഷം മുമ്പാണ് 80 വയസ്സ് പ്രായമുണ്ടായിരുന്ന തങ്ങളുടെ അച്ഛന് മരണമടയുന്നത്. അതിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് തങ്ങളുടെ കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി തങ്ങളുടെ പൂര്‍വികരുടേതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണോത്ത് ശങ്കരന് നായര്‍ നിയമനടപടികളുമായി കോടതികളെ സമീപിക്കുന്നത്.
പിന്നീട് തന്റെ അച്ഛനും നിലനില്‍പ്പിനായി നിയമനടപടികളുമായി മുന്നോട്ട് പോയി. ഇതിനിടെ ശങ്കരന് നായരും മരിച്ചു. അതോടെ ശങ്കരന് നായരുടെ പെണ്മക്കളുടെ മക്കളാണ് ഈ കേസ് ഏറ്റെടുത്ത് നടത്തിയതെന്ന് കോളനി നിവാസികൾ പറഞ്ഞു. എന്നാല്‍ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന തന്റെ കുടുംബത്തിന് കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അയ്യപ്പന് പറഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ കാലത്തുപോലും തങ്ങളുടേതായിരുന്ന ഭൂമി വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ടുപോകുമ്പോള്‍ ഇനിയെന്തും ചെയ്യും എന്ന ആശങ്കയിലാണ് കുടുംബങ്ങൾ.