ആലുവ: മത്സ്യവിൽപന സ്റ്റാളിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ വധഭീഷണി. കീഴ്മാട് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഭീഷണിയും കൈയേറ്റ ശ്രമവുമുണ്ടായത്.
ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ചൊവ്വാഴ്ച ഹെൽത്തി കേരള പരിശോധന ദിവസമായിരുന്നു. ഇതിന്റെ ഭാഗമായി കീഴ്മാട് പഞ്ചായത്ത് അതിർത്തിയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.എം. സക്കീർ, എസ്.എസ്. രേഖ, കെ.ബി. സബന എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
പരിശോധനയുടെ ഭാഗമായി വാർഡ് 16ൽ എഫ് ആൻഡ് എസ് ഫിഷ് സ്റ്റാൾ പരിശോധന നടത്തിയിരുന്നു. ഇവിടെ കഴിഞ്ഞമാസത്തെ പരിശോധനയിൽ കണ്ട ന്യൂനതകൾ പരിഹരിച്ച രേഖകൾ ഉടമയുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇത് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ സ്ഥാപനത്തിന്റെ ഉടമ എം.എ. ഫൈസൽ, പരിശോധനക്കുശേഷം ജീപ്പിൽ കയറിയ ആരോഗ്യസംഘത്തെ തടഞ്ഞുനിർത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ജീവനക്കാരോട് പെട്രോൾ കൊണ്ടുവരാൻ ആവശ്യപ്പെട്ട ഇയാൾ ജീപ്പോടുകൂടി അഗ്നിക്കിരയാക്കാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർ ആലുവ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് വലിയ കത്തിയെടുത്ത് ആരോഗ്യസംഘത്തിനുനേരെ വധശ്രമം നടത്തുകയും ചെയ്തു. ഒടുവിൽ ആത്മഹത്യാഭീഷണി മുഴക്കി മാർഗതടസ്സം സൃഷ്ടിച്ചു.
രണ്ടു വനിത ജീവനക്കാർ ഉൾപ്പെട്ട സംഘത്തെ ചീത്തവിളിക്കുകയും ചെയ്തു. ആരോഗ്യസംഘത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. പൊലീസ് എത്തിയാണ് പ്രദേശത്തെ സംഘർഷാവസ്ഥക്ക് അയവുവരുത്തിയത്. സ്ഥാപന ഉടമക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.