പള്ളിക്കര: മോറക്കാല പള്ളി താഴത്ത് കാനയിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ച് പാടം നികത്തുന്നതായി പരാതി. ഭാഗികമായി നേരത്തെ നികത്തിയ പാടത്തേക്കാണ് കാനയിൽ നിന്ന് മണ്ണ് കൊണ്ട് വന്ന് ഇടുന്നത്. കുന്നത്തുനാട് പഞ്ചായത്തിലെ 12-ാം വാർഡിലെ അമ്പല പടിയിൽ നിന്നും 14-ാം വാർഡിലെ പാടത്തിക്കര ഭാഗത്ത് നിന്നും 16-ാം വാർഡിലെ പാപ്പാറക്കടവ് ഭാഗത്ത് നിന്നുമാണ് മണ്ണ് കൊണ്ട് വരുന്നത്. നേരത്തെ കാന നന്നാക്കിയപ്പോൾ റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണും ഇവർ കോരിയെടുത്തു.
ശക്തമായ മഴയെ തുടർന്ന് ഈ ഭാഗങ്ങളിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതിനാണ് കാനയിലെ മണ്ണ് കോരി കോൺക്രീറ്റ് ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിരുന്നത്. ഇതിന്റെ മറവിലാണ് കാനയിൽ നിന്നുള്ള മണ്ണ് പാടം നികത്തുന്നതിന് ഉപയോഗിച്ചത്. ഈ മണ്ണ് കൂട്ടിയിട്ട് പൊതുമരാമത്ത് എ.ഇയുടെ നേതൃത്വത്തിൽ ലേലം ചെയ്യണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ മണ്ണ് പാടശേഖരത്ത് തള്ളിയത്. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതോടെ പഞ്ചായത്ത് പ്രസിഡൻറ് കലക്ടർക്ക് പരാതി നൽകി. കൂടാതെ പൊതുമരാമത്ത് മന്ത്രി, കുന്നത്തുനാട് തഹസിൽദാർ, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, കുന്നത്തുനാട് പൊലീസ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് തൽക്കാലം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും പഞ്ചായത്ത് എക്സിക്യുട്ടീവ് എഞ്ചിനീയറോട് റിപ്പോർട്ട് നൽകുവാനും കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിരുന്നത്.