കളമശ്ശേരി: കന്നുകാലികൾ റോഡിന് കുറുകെ ചാടിയുണ്ടാകുന്ന അപകടം കളമശ്ശേരിയിൽ വീണ്ടും. കഴിഞ്ഞ ദിവസം അപകടത്തിൻ യുവാവ് മരിക്കാനിടയായ സീപോർട്ട് എയർപോർട്ട് റോഡിന് സമീപം തന്നെയാണ് വീണ്ടും അപകടങ്ങളുണ്ടായത്. കുസാറ്റ് സ്റ്റോപ്പിന് സമീപത്തും പൈപ്പ് ലൈൻ റോഡിലുമാണ് നാൽക്കാലികൾ റോഡിന് കുറുകെ ചാടിയാണ് അപകടമുണ്ടായത്. സീ പോർട്ട് റോഡിൽ ഇടിയേറ്റ കന്നുകാലിയുടെ കൈകാലുകൾക്ക് ഒടിവുണ്ടായി. പൈപ്പ് ലൈൻ റോഡിൽ പശുക്കിടാവ് ഇടിയുടെ ആഘാതത്തിൽ ചത്തു. രണ്ടിടത്തും അപകടത്തിൽ പെട്ട വാഹനങ്ങൾ നിർത്താതെ പോയി. എച്ച്.എം.ടി കോളനിക്ക് സമീപം സീപോർട്ട് എയർ പോർട്ട് റോഡിലൂടെ പോവുകയായിരുന്ന ബൈക്കിന് മുന്നിലേക്ക് പോത്ത് കുറുകെചാടിയുണ്ടായ അപകടത്തിലാണ് കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സുഹൃത്തിന് പരിക്കേറ്റിരുന്നു. കളമശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ ദേശീയ പാതയിലടക്കം നിരവധി നാൽക്കാലികളാണ് അലഞ്ഞ് നടക്കുന്നത്. ടൗൺ ഹാൾ, കുസാറ്റ് സിഗ്നൽ ജങ്ഷൻ എച്ച്.എം.ടി റോഡ്, മെഡിക്കൽ കോളജ് റോഡ്, സീപോർട്ട് റോഡ്, പള്ളിലാംങ്കര പൈപ്പ് ലൈൻ റോഡ് തുടങ്ങിയ ഇടങ്ങളിൽ വ്യാപകമായാണ് ഇവകൾ വിരഹിക്കുന്നത്. അടുത്തിടെ റെയിൽവേ ട്രാക്കിൽ കയറിയ എട്ട് പോത്തുകൾ ട്രെയിൻ തട്ടി ചത്തിരുന്നു. രാത്രികളിലും പുലർച്ചെയുമായാണ് അപകടങ്ങൾ ഏറെയും. 2012 ൽ കളമശ്ശേരി നഗരസഭ അലഞ്ഞ് നടക്കുന്ന നാൽക്കാലികളെ പിടികൂടി സൂക്ഷിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് ക്യാറ്റിൽ പൗണ്ട് നിർമ്മിച്ചിരുന്നു. ആദ്യഘട്ടത്തിൽ പിടികൂടി ഉടമകളെ കണ്ടെത്തി പിഴചുമത്തി കൈമാറുകയും ഉടമയില്ലാത്തവെയെ ലേലം ചെയ്തു നൽകിയും വരികയായിരുന്നു. പിന്നീട് ഇതിന്റെ പ്രവർത്തനം നിലച്ചു. അതോടെ തെരുവുകൾ ഇവകൾ കൈയടക്കി വരികയാണ്.
കന്നുകാലികൾ റോഡിന് കുറുകെചാടി വീണ്ടും അപകടം

Estimated read time
0 min read