അറസ്റ്റിലായ ഹൈ റിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനി എം.ഡി കെ.ഡി. പ്രതാപൻ
കൊച്ചി: ഹൈ റിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ജി.എസ്.ടി വെട്ടിപ്പ് കേരളത്തിൽ പിടികൂടിയതിൽ ഏറ്റവും വലിയതെന്ന് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം. കമ്പനി 126.54 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. പരാതിയെ തുടർന്ന് തൃശൂർ ആറാട്ടുപുഴ ആസ്ഥാനമായ കമ്പനിയുടെ ഡയറക്ടറെ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
703 കോടി വിറ്റുവരവുള്ള കമ്പനി 126.54 കോടി ജി.എസ്.ടി അടക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. പരിശോധനക്ക് പിന്നാലെ നവംബർ 24ന് ഒന്നരക്കോടിയും 27ന് 50 കോടിയും അടക്കം 51.5 കോടി കമ്പനി അടച്ചു. 75 കോടി കൂടി അടക്കാനുള്ള സാഹചര്യത്തിലാണ് ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ കെ.ഡി. പ്രതാപനെ ജി.എസ്.ടി ഇന്റലിജൻസ് കാസർകോട് യൂനിറ്റ് അറസ്റ്റ് ചെയ്തത്.
ഇയാളെ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) റിമാൻഡ് ചെയ്തു. അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ, കമ്പനി നികുതി വെട്ടിച്ചെന്ന പ്രചാരണം വ്യാജമാണെന്നും ജി.എസ്.ടി ഫയലിങ് വിഭാഗത്തിൽ വന്ന തെറ്റിദ്ധാരണകളുടെ ഭാഗമായി പെരുപ്പിച്ച് കാണിച്ച കണക്കുകളുടെ ഫലമായാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിവരങ്ങൾ പുറത്തുവന്നതെന്നും ഹൈ റിച്ച് കമ്പനി അധികൃതർ പറയുന്നു.
ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ 51.5 കോടി അടച്ചു. റീ ഓഡിറ്റിങ് നടത്തി കമ്പനിയുടെ നിരപരാധിത്വം തെളിയിക്കാനും അതിനുശേഷം ആവശ്യമെങ്കിൽ പിഴ അടക്കാനും സമയം ആവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 15നകം ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. വ്യക്തമായ നിയമോപദേശം തേടി റീ ഓഡിറ്റിങ് നടത്തി ഔദ്യോഗിക രേഖകൾ ഉടൻ സമർപ്പിക്കുമെന്നും വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിന് പിന്നിൽ മറ്റ് പല ഉദ്ദേശ്യങ്ങളാണെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
ജി.എസ്.ടി വെട്ടിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്റലിജൻസ് വിഭാഗം കഴിഞ്ഞമാസം 24ന് കമ്പനിയുടെ ആറാട്ടുപുഴയിലെ ഓഫിസിൽ പരിശോധന നടത്തിയിരുന്നു. കമ്പനി ഡയറക്ടർമാരായ പ്രതാപൻ, കെ.എസ്. ശ്രീന എന്നിവരെ ജി.എസ്.ടി ഡെപ്യൂട്ടി കമീഷണറുടെ (ഇന്റലിജൻസ്) തൃശൂരിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. കമ്പനിക്ക് മറ്റ് സംസ്ഥാനങ്ങളിലും പ്രവർത്തനമുണ്ടെന്നും കൂടുതൽ വിറ്റുവരവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തലെന്നും ജി.എസ്.ടി അധികൃതർ പറയുന്നു. മൾട്ടിലെവൽ മാർക്കറ്റിങ് മാതൃകയിൽ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായാണ് കമ്പനിയുടെ പ്രവർത്തനം എന്നും അവർ വ്യക്തമാക്കി.