കളമശ്ശേരി: രണ്ടര വയസ്സുകാരൻ ഉൾപ്പെടെ ഒമ്പതോളം പേർക്ക് കടിയേറ്റ സംഭവത്തിൽ ചത്ത തെരുവുനായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
വിവരം പുറത്തുവന്നതോടെ, ആക്രമണത്തിനിരയായവരും കുടുംബങ്ങളും ആശങ്കയിലാണ്. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി കളമശ്ശേരി നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഗ്ലാസ് കോളനി, ചക്യാടം, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സുന്ദരഗിരി, കുടിലിൽ റോഡ് എന്നീ ഭാഗങ്ങളിലാണ് തെരുവുനായ് ആക്രമണമുണ്ടായത്.
ഗ്ലാസ് കോളനിഭാഗത്തെ റോഡിലാണ് അന്തർ സംസ്ഥാനക്കാരുടെ മകനായ രണ്ടര വയസ്സുകാരൻ ഉൾപ്പടെ അഞ്ചുപേർക്കും വീടിനു മുന്നിലെ റോഡിൽ നിൽക്കുമ്പോഴാണ് ഏഴ് വയസ്സുകാരിക്കും കടിയേറ്റത്. കൂടാതെ, കടയുടെ മുന്നിൽ നിന്ന ഒരാൾക്കും കടിയേറ്റിരുന്നു.
കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഇവർക്ക് നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നുമുണ്ടായിട്ടില്ല. ഇതിനിടെ, ആക്രമണമുണ്ടായ പ്രദേശത്ത് രണ്ട് നായ്ക്കൾ കൂടി ചത്തു. ഇവയെ പിന്നീട് നഗരസഭ ജീവനക്കാരെത്തി കുഴിച്ചുമൂടി. എന്നാൽ, ഇവയുടെ പരിശോധന നടത്താതെയാണ് കുഴിച്ചുമൂടിയത്.