പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് നാലു വർഷം തടവും 15,000 രൂപ പിഴയും. കോട്ടുവള്ളി കൈതാരം ആലക്കട തൈപ്പറമ്പിൽ സുരേഷിനെ (64) ആണ് പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്. പിഴ അതിജീവിതയുടെ പുനരധിവാസത്തിന് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.
2022 ഒക്ടോബർ ഒന്നിന് വൈകീട്ട് അഞ്ചിന് പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സുരേഷ് അതിക്രമിച്ചുകയറി ലൈംഗികാതിക്രമം കാട്ടിയെന്നാണ് കേസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏലൂർ പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഇൻസ്പെക്ടറായിരുന്ന കെ.എഫ്. ബെർട്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.