കൊച്ചി: നടുറോഡിൽ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് നഗരത്തിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി റിമാൻഡിൽ.
തമ്മനം എ.കെ.ജി കോളനിയിൽ കുമാരന്റെ മകൻ മനിൽകുമാറിനെ (മനീഷ്-34) കൊലപ്പെടുത്തിയ എ.കെ.ജി കോളനി പുത്തൻവീട്ടിൽ ജിതേഷിനെ (34) യാണ് റിമാൻഡ് ചെയ്തത്. തെളിവെടുപ്പിനും വിശദ ചോദ്യം ചെയ്യലിനുമായി ഇയാളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
കുത്തേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മനീഷിന്റെ സുഹൃത്ത് എറണാകുളം ഗാന്ധിനഗർ പൂനത്തിൽ വീട്ടിൽ അജിത് ആന്റണിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ശസ്ത്രക്രിയക്ക് ശേഷം ഇയാളെ വാർഡിലേക്ക് മാറ്റി. കൊല്ലപ്പെട്ട മനീഷിന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ രവിപുരം ശ്മശാനത്തിൽ നടന്നു.