നെടുമ്പാശ്ശേരി: ഇത്യോപ്യയിൽനിന്ന് ആറരക്കോടി രൂപയുടെ കൊക്കെയ്ൻ എത്തിച്ചത് കൊച്ചി കേന്ദ്രീകരിച്ചുള്ള രാജ്യാന്തര മയക്കുമരുന്ന് സംഘത്തിനുവേണ്ടി. മയക്കുമരുന്നുമായി പിടിയിലായ കെനിയൻ സ്വദേശി കരഞ്ച മിഘായേൽ നഗങ്കയുടെ യാത്രാരേഖകൾ പരിശോധിച്ചതിൽനിന്നാണ് ഇത് വ്യക്തമായത്. ഇയാൾ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം വാട്സ്ആപ്പിലൂടെ വിവരം ഇത്യോപ്യയിൽ കൊക്കെയ്ൻ നൽകിയവർക്ക് കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ, അപ്പോഴേക്കും പിടിയിലാകുകയായിരുന്നു. ഇത്യോപ്യയിൽനിന്ന് നേരിട്ടാണ് മയക്കുമരുന്ന് സ്വീകരിക്കുന്നവർക്ക് വാട്സ്ആപ്പിലൂടെ വിവരം നൽകാൻ ഉദ്ദേശിച്ചിരുന്നത്. ഏതെങ്കിലും തരത്തിൽ പിടിയിലായാൽ പ്രധാനികളിലേക്ക് അന്വേഷണം നീളാതിരിക്കുന്നതിനാണ് ഇത്തരത്തിൽ ഇടപാടുകൾ നേരിട്ടാക്കുന്നത്.
പിടിയിലായ കരഞ്ച ആദ്യമായാണ് കേരളത്തിലെത്തുന്നത്. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ചിലരും കൊച്ചി കേന്ദ്രീകരിച്ചുള്ളവരും മയക്കുമരുന്ന് കണ്ണിയുടെ പ്രധാന കണ്ണികളാണ്.
സംഭവത്തെക്കുറിച്ച് കേന്ദ്ര നാർകോട്ടിക് കൺട്രോൾ ബ്യൂറോയും പ്രത്യേക അന്വേഷണം നടത്തും. 51 ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇയാൾ 668 ഗ്രാം കൊക്കെയ്ൻ വിഴുങ്ങിയത്.
ചില മരുന്നുകൾ കഴിച്ച് വയറിളക്കിയാണ് പുറത്തെടുത്തു കൊടുക്കാനുദ്ദേശിച്ചിരുന്നത്. അതുകൊണ്ടുതന്നെ കൊച്ചിയിലെ ഏതെങ്കിലും ഹോട്ടലിൽ ഒന്നോ രണ്ടോ ദിവസം തങ്ങാൻ ലക്ഷ്യമിട്ടിരിക്കാനിടയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.