പറവൂർ: അപകടങ്ങൾ തുടർക്കഥയാകുന്ന ചേന്ദമംഗലം കവലയിലെ ട്രാഫിക് സിഗ്നൽ സംവിധാനം നിർജീവമായി തുടരുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞയാഴ്ച രണ്ട്പകടങ്ങളാണ് ചേന്ദമംഗലം കവലയിലുണ്ടായത്. വ്യാഴാഴ്ച പുലർച്ച 3.30നുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും കെട്ടിടം തകരുകയും ചെയ്തു. അപകടത്തിൽ പത്ര ഏജന്റ് നന്തികുളങ്ങര കുറുപ്പംതറ സോമനാണ് (72) മരിച്ചത്. കാറിലിടിച്ച് നിയന്ത്രണം വിട്ട മൊബൈൽ പൈലിങ് ട്രക്ക് സൈക്കിൾ യാത്രികനായ സോമനെ ഇടിച്ച ശേഷം സമീപത്തെ 100 വർഷത്തോളം പഴക്കമുള്ള ‘കല്ലുങ്കൽ ബിൽഡിങ്’ എന്ന വ്യാപാര സമുച്ചയത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിന് പുറമെ ബുധനാഴ്ച പുലർച്ചെ ചേന്ദമംഗലം കവലയിൽ ബസും കാറുമിടിച്ചും അപകടം ഉണ്ടായി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകരുകയും ചെയ്തു.
ചിത്രാഞ്ജലി തീയറ്ററിന്റെ ഭാഗത്ത് നിന്ന് ചേന്ദമംഗലം ഭാഗത്തേക്കുള്ള സിഗ്നൽ പൂർണമായും പ്രവർത്തനക്ഷമമല്ല. രാത്രികാലങ്ങളിൽ സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ അപകടസാധ്യത ഏറെയാണ്. നിലവിലെ സിഗ്നൽ സംവിധാനത്തിലെ ഇലക്ട്രിക് തകരാറുകളും കേബിളുകളിലെ കാലപ്പഴക്കവുമാണ് സിസ്റ്റം തകരാറിൽ ആക്കിയത്. എന്നാൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം ഉടൻ പ്രവർത്തനക്ഷമമാക്കുമെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത് പറഞ്ഞു. പൊലീസ് വകുപ്പിന്റെ കീഴിൽ റോഡ് സേഫ്റ്റിയിൽ ഉൾപ്പെടുത്തി കെൽട്രോൺ മുഖാന്തിരമാണ് സംസ്ഥാനത്തെ ട്രാഫിക് സിഗ്നലുകൾ പരിപാലിച്ചിരുന്നത്.
മൂന്ന് വർഷക്കാലത്തേക്കാണ് പരിപാലന കരാർ. നാലു കോടിയാണ് കരാർ തുക. കഴിഞ്ഞ വർഷങ്ങളിൽ സർക്കാറിൽ നിന്ന് പണം ലഭിക്കാത്തതിനാലും കരാർ സമയബന്ധിതമായി പുതുക്കാത്തതുമാണ്ീ സിഗ്നൽ സംവിധാനത്തിലെ പരിപാലനം തടസ്സപ്പെടാനിടയാക്കിയത്. സിഗ്നൽ തകരാറായതോടെ ഫലപ്രദമായ ഗതാഗത സംവിധാനം സാധ്യമല്ലാതായി. നഗരസഭക്ക് ഇതിനായി പണം മുടക്കാൻ നിയമപരമായി സാധിക്കില്ല. അനുമതി ലഭിച്ചാൽ തന്നെയും പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് ഫണ്ടുമില്ല. ഒരാഴ്ചക്കുള്ളിൽ കെൽട്രോൺ മുഖാന്തിരം ചേന്ദ മംഗലം കവലയിലെ സിഗ്നൽ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുമെന്ന് സജി നമ്പിയത്ത് അറിയിച്ചു.