കോതമംഗലം: പൂട്ടിക്കിടന്ന വീടിന്റെ വാതിലിന് തീയിട്ടുള്ള മോഷണശ്രമത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടും പിടികൂടുന്നില്ലെന്ന് പരാതി. പൈങ്ങോട്ടൂർ തെക്കേപുന്നമറ്റത്ത് ഒലിയപ്പുറം ജോസിന്റെ വീട്ടിലാണ് കഴിഞ്ഞ 10ന് രാത്രി മോഷണശ്രമമുണ്ടായത്. ജോസും കുടുംബവും വിദേശത്താണെന്നറിയാവുന്ന മോഷ്ടാവ് പിൻവാതിലിന് സമീപം വിറക് കൂട്ടി പെട്രോൾ ഒഴിച്ച് കത്തിച്ചാണ് അകത്ത് കടക്കാൻ ശ്രമിച്ചത്. അടുക്കളയിലേക്കുള്ള വാതിൽ തകർക്കാൻ കഴിയാത്തതിനാൽ മോഷണ ശ്രമം പരാജയപ്പെട്ടു. വാതിലും കട്ടിളയും കത്തിനശിക്കുകയും ചെയ്തു.
സമീപത്ത് താമസിക്കുന്ന ജോസിന്റെ സഹോദരൻ പിറ്റേന്ന് രാവിലെ എത്തിയപ്പോഴാണ് വാതിൽ തകർക്കാൻ നടത്തിയ ശ്രമം ശ്രദ്ധയിൽപ്പെടുന്നത്. മുഖം മറച്ച് ആളെ തിരിച്ചറിയാതിരിക്കാൻ പ്രത്യേക വേഷം ധരിച്ചെത്തി തീയിടുന്ന ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് രണ്ട് ദിവസം മുമ്പ് ഇയാൾ വീട്ടിലെത്തി പരിസര നിരീക്ഷണം നടത്തുന്നതും സമീപത്തെ വർക്ക്ഷോപ്പിൽ നിന്ന് മോഷ്ടിച്ച ഗോവണി ഉപയോഗിച്ച് സി.സി.ടി.വി കാമറകൾ കേടുവരുത്താൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ദൃശ്യങ്ങൾ അടക്കം പോത്താനിക്കാട് പൊലീസിൽ പരാതി നൽകി.
സ്ഥലത്തെത്തിയ പൊലീസ് തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതായും പരാതിക്കാരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും നാട്ടുകാർ ആരോപിച്ചു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്ത സാഹചര്യത്തിലാണ് പരാതിയുമായി വീട്ടുടമയുടെ സഹോദരൻ രംഗത്ത് വന്നിരിക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ ആളാണ് മോഷണം ശ്രമം നടത്തിയതെന്നും ഇയാളെ പിടികൂടാൻ പൊലീസ് നീക്കം നടത്തുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും നിരീക്ഷണത്തിലാണെന്നും ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്.