ഫോർട്ട്കൊച്ചി: ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വിദേശ വനിതക്ക് ജാമ്യം. ജൂത വംശജയായ ഓസ്ട്രിയൻ സ്വദേശിനി സാറ ഷിലൻസ്കി മൈക്കിളിനാണ് (38) മട്ടാഞ്ചേരി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് ഇവർ ഫോർട്ട്കൊച്ചി കമാലക്കടവിൽ മൂന്ന് ബോർഡുകളും ബാനറും നശിപ്പിച്ചത്. ബോർഡ് സ്ഥാപിച്ച എസ്.ഐ.ഒ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പരാതി സ്വീകരിക്കാതെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പരാതിക്കാർ പിന്മാറിയില്ല. പിന്നീട് പരാതി സ്വീകരിച്ചെങ്കിലും കേസെടുക്കാൻ തയാറായില്ല. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ ബുധനാഴ്ച പുലർച്ചയാണ് കേസെടുത്തത്. ഉന്നതതല ചർച്ചകൾക്കൊടുവിലാണ് കോടതിയിൽ ഹാജരാക്കാൻ തീരുമാനിച്ചത്. ഇവരുടെ എംബസിയും വിഷയത്തിൽ ബന്ധപ്പെട്ടിരുന്നു.