മൂവാറ്റുപുഴ: കാവന ലിഫ്റ്റ് ഇറിഗേഷൾ പമ്പ് ഹൗസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് ഇടപെടലുകൾക്കൊടുവിൽ പുനഃസ്ഥാപിച്ചു. കർഷകർക്കടക്കം ഇരുട്ടടിയായതോടെ മുൻ എം.എൽ.എ എൽദോ എബ്രഹാം, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുമായി സംസാരിച്ച് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കണക്ഷൻ പുന:സ്ഥാപിച്ചത്.
കടുത്ത വേനലിൽ കൃഷി ഉണങ്ങുന്ന സാഹചര്യത്തിലാണ് കർഷകരുടെ ഏക ആശ്രയമായ കാവന ജലസേചന പദ്ധതിയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പമ്പ് ഹൗസിലെ വൈദ്യുതി ബിൽ 34000 രൂപ കുടിശ്ശികയായതോടെകഴിഞ്ഞ മൂന്നിന് മുന്നറിയിപ്പില്ലാതെയാണ് നടപടി ഉണ്ടായത്. ആരക്കുഴ പഞ്ചായത്ത് അഞ്ചാം വാർഡിലെ മേമടങ്ങ് പ്രദേശത്തെ 200 കർഷകരാണ് ഇത് വഴി ബുദ്ധിമുട്ടിലായത്.
കനത്ത വേനലിൽ കർഷകർക്കും കുടിവെള്ള ക്ഷാമപരിഹാരത്തിനും ഈ പദ്ധതി പ്രയോജനകരമാണ്. 1980ൽ ആരംഭിച്ച കാവന ലിഫ്റ്റ് ഇറിഗേഷൻ സ്കീം വഴി പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ചെറുകനാൽ വഴി കർഷകരുടെ സ്ഥലങ്ങളിലേക്ക് തിരിച്ച് വിടുന്നതാണ് പദ്ധതി. മേമടങ്ങ് പ്രദേശത്തെ വീടുകളിലെ കിണറുകളിൽ വെള്ളം നിലനിർത്തുന്നതും പദ്ധതി വഴിയാണ്. കൊടുംവേനലിൽ ജലവിതരണം മുടങ്ങിയതിന് കാരണം വൈദ്യുതി വകുപ്പിന്റെ അനാവശ്യ നടപടിയാണെന്ന് ആരക്കുഴ പഞ്ചായത്ത് അംഗം സെലിൻ ചെറിയാൻ പറഞ്ഞു.