പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ കാർഷിക മേഖല കടുത്ത വരൾച്ച നേരിടുമ്പോൾ പ്രധാന ജലസേചന പദ്ധതിയായ മോറത്തോട് നീരൊഴുക്ക് തടസപ്പെട്ട നിലയിൽ. മോറത്തോടിന്റെ ഷട്ടർ ഉയർത്തി, അടിഞ്ഞുകൂടിയ പായലും മറ്റും നീക്കം ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പുത്തൻവേലിക്കര റിസോഴ്സ് കമ്മ്യൂണിറ്റി സെൻറർ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മറ്റു കാർഷിക ജലസേചന പദ്ധതികളും പ്രവർത്തനക്ഷമമാക്കണം. ഓരോ ജലസേചന പദ്ധതികളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക കാർഷിക-ജലസേചന സമിതികൾ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പത്തുകോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ചതാണ് മോറതോട് ജലസേചന പദ്ധതി.
വേനൽക്കാലത്ത് മോറത്തോടിന്റെ ഷട്ടറുകൾ പൂർണമായി ഉയർത്തുന്നതിനും വർഷകാലത്ത് പൂർണ്ണമായി താഴ്ത്തി വെള്ളപ്പൊക്ക ഭീഷണി തടയുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്. ആയതിനാൽ ഈ ഷട്ടറുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണം. മോറത്തോടിലൂടെ വെള്ളം ലഭ്യമാക്കിയാൽ കീഴുപ്പാടം, പരമാനാശേരിക്കുന്ന്, വട്ടേക്കാട്ടുകുന്ന്, കരോട്ടുകര, കൈതച്ചിറ എന്നീ കുന്നിൻ പ്രദേശങ്ങളിലെ ജലസേചന പദ്ധതികൾ പ്രവർത്തിപ്പിക്കാൻ ജല ലഭ്യത ഉറപ്പാക്കുവാൻ കഴിയും.
തെങ്ങും ജാതിയും കവുങ്ങും, വാഴയും ഉൾപ്പെടെയുള്ള ഈ പ്രദേശങ്ങളിലെ കൃഷി വരൾച്ച ഭീഷണിയിലാണ്. പ്രദേശത്തെ കിണറുകളിൽ വെള്ളം താഴ്ന്നു. കുടിവെള്ളക്ഷാമവും രൂക്ഷമാവും. ഭൂഗർഭ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ ഒന്നര മീറ്റർ താഴ്ന്നതായാണ് കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിൽ മനസ്സിലായിട്ടുള്ളത്. അതിരൂക്ഷമായ ജലക്ഷാമം നേരിടാൻ ദുരന്ത നിവാരണ നിയമം അനുസരിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.