മൂവാറ്റുപുഴ: ഒടുവിൽ ആട്ടായം നിവാസികൾക്ക് പൊടിശല്യത്തിൽനിന്ന് ആശ്വാസം. ആട്ടായം-കുറ്റിക്കാട്ടുച്ചാലിൽ പടി-മുളവൂർ റോഡിൽ ടാറിങ് ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് മെറ്റിൽ വിരിച്ചിട്ടും ടാറിങ് നടത്താത്തതിനെ തുടർന്ന് പൊടിശല്യം രൂക്ഷമായ മേഖലയിൽ ജനം ദുരിതത്തിലായിരുന്നു. സംഭവം സംബന്ധിച്ച് മാധ്യമം വാർത്തനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ടാറിങ്ങ് ആരംഭിച്ചത്. 2020ൽ റീബിൽഡ് കേരളം പദ്ധതിയിൽപ്പെടുത്തി 3.5 കോടി രൂപ അനുവദിച്ച റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു.
പ്രതിഷേധത്തിനൊടുവിൽ ഈ ജനുവരിയിലാണ് നിർമാണത്തിന് തുടക്കമായത്. എന്നാൽ മെറ്റൽ വിരിച്ചതല്ലാതെ തുടർനടപടി ഉണ്ടായില്ല. പഴയ ടാർ വെട്ടിപ്പൊളിച്ച് മെറ്റൽ വിരിച്ച റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലം നാട്ടുകാരെ ദുരിതത്തിലാക്കി മാറ്റിയിരുന്നു. ജനവാസകേന്ദ്രത്തിലൂടെ കടന്നുപോകുന്ന റോഡിൽ വേനൽ ശക്തമായതോടെ വൻപൊടിപടലമാണുയർന്നിരുന്നത്. മൂവാറ്റുപുഴ നഗരസഭയിലെ കീച്ചേരിപ്പടിയിൽ നിന്നും ആരംഭിച്ച് പായിപ്ര ഗ്രാമപഞ്ചായത്തിലെ ആട്ടായം-കുറ്റിക്കാട്ട് ച്ചാലില്പ്പടി മുളവൂർ എത്തിച്ചേരുന്ന എട്ട് കിലോമീറ്റർ റോഡിലെ മുളവൂർ മേഖലയിൽ വരുന്ന 3.5 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് നടക്കുന്നത്.