മരട്: മസാജ് പാർലർ കേന്ദ്രീകരി ച്ച് രാസലഹരി വില്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. വൈറ്റില തൈക്കൂടത്ത് ഗ്രീൻ ടച്ച് മസാജ് പാർലർ നടത്തുന്ന നെട്ടൂർ സ്വദേശി ചാത്തങ്കേരി പറമ്പിൽ വീട്ടിൽ ഷബീക്ക് (36) നെയാണ് 45 ഗ്രാം എം.ഡി.എം.എ.യുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
പരിശോധനവേളയിൽ ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്റ്റൽ രൂപത്തിലുള്ള രാസലഹരി കണ്ടെടുക്കാനായത്.
അടുത്തിടെ ജില്ലയിലെ മസാജ് പാർലറുകളിൽ മാത്രമായി നടത്തിയ പരിശോധനകളിൽനിന്ന് അഞ്ച് പ്രതികളെയും 150 ഗ്രാം എം.ഡി.എം.എ., ഒരു ബുള്ളറ്റ് എന്നിങ്ങനെ സ്പെഷ്യൽ സ്ക‌്വാഡ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി എക്സൈസ് വ്യക്തമാക്കി.
എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ ടെന്നിമോൻ നൽകിയ വിവരപ്രകാരം എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഹാരിസ്, പ്രിവൻ്റീവ് ഓഫീസർ ജെനിഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മനോജ്, ശ്രീകുമാർ, ബദർ അലി, മേഘ എന്നിവരടങ്ങുന്ന സംഘമാണ് റെയ്‌ഡിൽ പങ്കെടുത്തത്.