പട്ടാപ്പകൽ ചിട്ടിയുടമയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷണം; പ്രതി പിടിയിൽ

Estimated read time 0 min read

തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി ഉടമയെ സ്ഥാപനത്തിനകത്ത് കയറി മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണ്ണമാലയും കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് കരിമ്പുഴ തോട്ടറ പടിഞ്ഞാറേത്തിൽ ഫസീല (35) ആണ് പിടിയിലായത്. പാലക്കാടുള്ള വീട്ടിൽ നിന്നാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30 യോടെ തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിൽ മിനി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലായിരുന്നു നഗരത്തെ നടുക്കി അക്രമം നടന്നത്. ലയൺസ് ക്ലബ് റോഡിൽ കീഴത്ത് വീട്ടിൽ കെ.എൻ സുകുമാരമേനോൻ (75)നെയാണ് പ്രതി ആക്രമിച്ചത്. പർദ ധരിച്ചെത്തിയ ഇവർ ഉടമയുടെ മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തി കുഴമ്പ് രൂപത്തിൽ ആക്കിയ മിശ്രിതം ഒഴിച്ചു. പിന്നാലെ ഉടമയെ ക്രൂരമായി മർദിക്കുകയും കഴുത്തിൽ കിടന്ന സ്വർണ്ണ മാലയും ലോക്കറ്റും ഉൾപ്പടെ മൂന്ന് പവനും, പതിനായിരം രൂപയും തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.

രണ്ട് വർഷമായി തൃപ്പൂണിത്തുറയിൽ ചിട്ടി സ്ഥാപന ഉടമയുടെ വീടിന് സമീപമുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പ്രതി.

അക്രമത്തിന് ശേഷം ഓട്ടോറിക്ഷയിൽ കണ്ണൻകുളങ്ങരയിൽ വന്നിറങ്ങി പ്രതി പർദ അഴിച്ച് മാറ്റി ഓടുന്നതും തിരിച്ച് നടന്ന് വരുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സി.സി.ടി.വി കാമറിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഫസീലയാണെന്ന് കണ്ടെത്തിയത്. 25 സി.സി.ടി.വി കാമറകൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. നിരവധി ഓട്ടോ, ബസ് തൊഴിലാളികളോട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

ഫസീല സുകുമാരൻ്റെ വീട്ടിൽ വരുന്നതും ഭക്ഷണം കഴിക്കുന്നതും പതിവായിരുന്നു. ഇയാളുടെ ചിട്ടി സ്ഥാപനത്തിൽ മറ്റൊരാളുടെ പേരിൽ നാല് ചിട്ടി ഫസീല ചേർന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടാതെ നിരവധി തവണ സ്ഥാപനത്തിൽ വരികയും മൂന്ന് തവണ അക്രമം നടത്തിയ ക്യാബിനിൽ ഇരിന്നിട്ടുള്ളതായും പറഞ്ഞു.

സംഭവ ദിവസം വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കമ്മീഷണർ ശ്യാം സുന്ദർ ഐ.പി.എസിൻ്റെ നേതൃത്വത്തിൽ ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സുദർശൻ ഐ.പി.എസ്, തൃക്കാക്കര എ.സി.പി വർഗീസ്, ഹിൽപാലസ് പൊലിസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആനന്ദ് ബാബു, എസ്.ഐമാരായ ടോൾസൺ ജോസഫ്, രേഷ്മ, എ.എസ്.ഐ രഞ്ജിത്ത് ലാൽ, പോൾ മൈക്കിൾ, ബൈജു കെ.എസ്, ബിന്ദു, സി.പി.ഒ അൻസാർ, പാലാക്കാട് ഡാൻസാഫ് അംഗങ്ങളായ ഷാഫി, ഷെഫീഖ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

You May Also Like

More From Author