കൊച്ചി: കടലറിവുകളുടെ കൗതുകക്കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) ഓപൺ ഹൗസ് പ്രദർശനം.
ഭീമൻ മത്സ്യമായ ഹംപ്ഹെഡ് റാസ്, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, വിലകൂടിയ മുത്തുകൾ തുടങ്ങി ആഴക്കടലിന്റെ അറിയാക്കാഴ്ചകൾ കാണാൻ ആയിരങ്ങളാണെത്തിയത്. 77ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് സി.എം.എഫ്.ആർ.ഐ പൊതുജനങ്ങൾക്കായി തുറന്നിട്ടത്.
ചുറ്റികത്തലയൻ സ്രാവ് മുതൽ ഗിത്താർ മത്സ്യംവരെ
മ്യൂസിയം, വിവിധ പരീക്ഷണശാലകൾ, മറൈൻ അക്വേറിയം, ലൈബ്രറി, ഹാച്ചറികൾ, കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം എന്നിവ കാണാനെത്തിയവരിൽ ഭൂരിപക്ഷവും വിദ്യാർഥികളായിരുന്നു. ത്രിമാന ചിത്രങ്ങളും ശാസ്ത്രീയ വിവരണങ്ങളും ചേർത്ത് കടൽ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തിയ മ്യൂസിയത്തിലെ ഇന്റർ ആക്ടിവ് ഡിസ്പ്ലേ ബോർഡ് ഏറെ വിജ്ഞാനപ്രദമായി.
ചുറ്റികത്തലയൻ സ്രാവ്, പുലി സ്രാവ്, പേപ്പർ സ്രാവ്, കാക്ക തിരണ്ടി, മൂക്കൻ തിരണ്ടി, ഗിത്താർ മത്സ്യം, കല്ലൻവറ്റ തുടങ്ങിയ മത്സ്യയിനങ്ങളും വിവിധയിനം ചെമ്മീൻ, ഞണ്ട്, കണവ, കൂന്തൽ, നീരാളി, കക്കവർഗയിനങ്ങളും പ്രദർശിപ്പിച്ചു.
ആഭരണമായി മീനിന്റെ ചെവിക്കല്ല്
മീനുകളുടെ ചെവിക്കല്ല് ഉപയോഗിച്ച നിർമിച്ച ആഭരണങ്ങൾ പ്രദർശനം വീക്ഷിക്കാനെത്തിയവരുടെ ശ്രദ്ധപിടിച്ചുപറ്റി. മീനുകളുടെ തലയിൽനിന്ന് ലഭ്യമാകുന്ന കല്ലുകളാണ് ഓട്ടോലിത്തുകൾ. ഇത്തരം കല്ലുകളിൽനിന്നുള്ള ആഭരണ നിർമാണവും പ്രദർശിപ്പിച്ചു.
മീനുകളുടെ ജനിതകരഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഗവേഷണപ്രവർത്തനങ്ങൾ, സമുദ്ര ജൈവവൈവിധ്യ-പാരിസ്ഥിതിക പഠനങ്ങൾ, പ്ലാസ്റ്റിക് മാലിന്യം മീനുകളുടെ ജീവന് ഭീഷണിയാകുന്നതിന്റെ നേർചിത്രങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. കൂടുമത്സ്യകൃഷി, സംയോജിത ജലകൃഷിരീതിയായ ‘ഇംറ്റ’ തുടങ്ങി വിവിധ സമുദ്രജല കൃഷികളുടെ മാതൃകകളും ഒരുക്കിയിരുന്നു. സമുദ്രമത്സ്യ മേഖയിലെ ഗവേഷണ പഠനങ്ങളെ കുറിച്ച് വിദഗ്ധരുമായി ആശയവിനിമയത്തിനും അവസരമൊരുക്കി.
വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ കടൽ സമ്പത്തിന്റെ സംരക്ഷണ സന്ദേശം പകർന്നുനൽകുന്ന ചിത്രം സഹിതമുള്ള ബാഡ്ജുകളുടെ വിതരണം പ്രദർശനത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. വിദ്യാർഥികൾ ഈ ബാഡ്ജുകൾ ധരിച്ച് പുതുമയുണർത്തുന്ന ബോധവത്കരണ രീതിയുടെ ഭാഗമായി.
അക്വാപോണിക്സ് കൃഷിയും കടൽപായലും
അക്വാപോണിക്സ് കൃഷി രീതിയിലൂടെ മീനും പച്ചക്കറിയും ഒരുമിച്ച് കൃഷിചെയ്യാവുന്നതിന്റെ സാധ്യത പ്രദർശനത്തിൽ അവതരിപ്പിച്ചിരുന്നു. ഇത്തരം കൃഷിരീതിയിൽ മണ്ണിന്റെയോ മറ്റ് വളങ്ങളുടെയോ ആവശ്യം ഇല്ല. ശുദ്ധജലത്തിൽ ഉണ്ടാകുന്ന ലൈവ് ഫീഡുകളാണ് ഇവിടെ മീനുകൾക്ക് തീറ്റയാകുന്നത്. മീനുകളുടെ ഭക്ഷണാവശിഷ്ടം ചെടികൾക്കും വളമാകുന്നു. മണ്ണിന് പകരം മെറ്റലിലാണ് കൃഷി.
കടൽപായലിന്റെ വിപണന സാധ്യതകളായിരുന്നു മറ്റൊന്ന്. കടൽപായലിൽനിന്നുള്ള ബയോ എഥനോൾവഴി പെട്രോൾ ഉപയോഗം കുറക്കാം. കടൽ പായൽ ഉപയോഗിച്ചുള്ള മരുന്നുകൾ, മത്സ്യാവശിഷ്ടങ്ങൾ വളമാക്കി മാറ്റുന്ന രീതി, ഇത്തരം വളങ്ങളുടെ ഉപയോഗത്തിലൂടെ ചെടികളുടെ വളർച്ച, സ്കൂബ ഡൈവിങ്ങിന് ആവശ്യമായ ഉപകരണങ്ങൾ എന്നിവയും മേളയിൽ പരിചയപ്പെടുത്തി.