കൊച്ചി: വിപുലമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച വ്യവസായ നഗരത്തിന് കാര്യമായൊന്നും നൽകാതെ കേന്ദ്ര ബജറ്റ്. പൊതുമേഖല സ്ഥാപനങ്ങൾ മുതൽ മത്സ്യമേഖലയുടെ സംരക്ഷണംവരെ ഉൾപ്പെടുമെന്ന് കരുതിയിരുന്നെങ്കിലും നിരാശയാണ് ഫലം. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്ന പദ്ധതികളൊന്നുമുണ്ടായിട്ടില്ലെന്ന് മേഖലയുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെടുന്നു. കൊച്ചി റിഫൈനറി, കപ്പൽശാല, എഫ്.എ.സി.ടി എന്നീ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ജില്ല കൂടുതൽ പ്രതീക്ഷയർപ്പിച്ചിരുന്നത്.
ബി.പി.സി.എൽ വിപുലീകരണ പദ്ധതി, എഫ്.എ.സി.ടിയുമായി ബന്ധപ്പെട്ട് പ്ലാൻറുകളുടെ നവീകരണം തുടങ്ങിയവയൊന്നും കേന്ദ്ര ബജറ്റിൽ പരാമർശിക്കപ്പെടുന്നില്ല. അതേസമയം, ടൂറിസം രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനത്തിൽ ജില്ലക്ക് പ്രതീക്ഷയുണ്ട്.
മത്സ്യത്തൊഴിലാളികൾക്കുവേണ്ടി പ്രത്യേക പാക്കേജുണ്ടാകുമെന്ന് കരുതിയെങ്കിലും ലഭ്യമായില്ല.
വ്യക്തതയില്ലാതെ സ്റ്റാർട്ടപ് പരാമർശം
കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ പ്രധാന കേന്ദ്രമായ എറണാകുളം മേഖലയുമായി ബന്ധപ്പെട്ട വിപുലമായ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചെങ്കിലും കാര്യമായൊന്നുമുണ്ടായില്ല. സ്റ്റാർട്ടപ് മേഖലയുമായി ബന്ധപ്പെട്ട നികുതി നയങ്ങളിൽ കൂടുതൽ ഇളവുണ്ടാകും എന്നാണ് വിലയിരുത്തിയിരുന്നത്.
എന്നാൽ, നിലവിലെ നികുതിയിളവ് തുടരാനാണ് തീരുമാനം. സ്റ്റാർട്ടപ് മേഖലയിലെ സംരംഭങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം മേഖലയിൽ നിന്നുള്ളവർ മുന്നോട്ടുവെച്ചിരുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ മേഖലയിലേക്ക് കൂടുതൽ മൂലധന നിക്ഷേപം ഉറപ്പാക്കാനുള്ള ശ്രമങ്ങളുണ്ടാകണമെന്നും ആവശ്യമുണ്ടായിരുന്നു. ഈ വിഷയങ്ങളിലൊന്നും കാര്യമായ ഇടപെടൽ ബജറ്റിലുണ്ടായിട്ടില്ല.
ഐ.ടി അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവർ നേരിടുന്ന തൊഴിൽപരമായ പ്രശ്നങ്ങളെക്കുറിച്ചും പരാമർശമില്ല. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അസംഘടിത തൊഴിൽമേഖലയെ പരിഗണിക്കുന്നതിനും തയാറായിട്ടില്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്. മെട്രോ വികസനത്തിനായുള്ള വകയിരുത്തലിലെ വിഹിതം കൊച്ചി മെട്രോയും പ്രതീക്ഷിക്കുന്നുണ്ട്. അങ്കമാലിയിലേക്കുള്ള മൂന്നാംഘട്ടമടക്കം പദ്ധതികളെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നത് ശ്രദ്ധേയമാണ്.
റെയിൽവേക്കുള്ള ഫണ്ട് എന്തിനൊക്കെ?
2240 കോടി രൂപ കേരളത്തിലെ റെയിൽവേക്ക് അനുവദിച്ചതായി പറയുന്നുണ്ട്.
എന്നാൽ, അത് എന്തിനൊക്കെയാണെന്ന് വിശദീകരിച്ചിട്ടില്ല.
കായംകുളം- എറണാകുളം പാതയിരട്ടിപ്പിക്കൽ, റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണോ മറ്റെന്തെങ്കിലും പദ്ധതികൾക്കാണോ എന്നൊന്നും വ്യക്തമാക്കുന്നില്ല.
2014നുമുമ്പും ശേഷവും എന്ന ഒരു താരതമ്യം മാത്രമാണ് ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് കൃത്യമായി പറയുന്നില്ല. ബജറ്റിലൂടെ രാഷ്ട്രീയ പ്രസംഗമാണ് നടന്നതെന്ന് ഹൈബി ഈഡൻ എം.പി ‘മാധ്യമ’ത്തോട് പറഞ്ഞു.