കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. കൽപറ്റ അഡീഷനൽ സെഷൻസ് കോടതിയുടെ വിധി തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പ്രതിയെ വിട്ടയക്കാൻ മതിയായ തെളിവില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
കുഞ്ഞിന്‍റെയും പ്രതിയുടെയും ഡി.എൻ.എ പരിശോധനയിലൂടെ പിതൃത്വം തെളിയിക്കപ്പെട്ടതും ശക്തമായ തെളിവായി കോടതി ചൂണ്ടിക്കാട്ടി. ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ . ബലാത്സംഗം, പോക്സോ തുടങ്ങി ഒന്നിലേറെ കുറ്റങ്ങളിൽ വിചാരണ കോടതി വെവ്വേറെ ശിക്ഷ വിധിച്ചിരുന്നെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് ഉത്തരവിട്ടിരുന്നു.
റെസിഡൻഷ്യൽ സ്കൂളിൽ താമസിച്ച് പഠിക്കുന്ന 16കാരി പ്ലസ് വൺ പൂർത്തിയാക്കി അവധിക്ക് വീട്ടിലെത്തിയപ്പോൾ പലപ്പോഴായി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ പെൺകുട്ടി ആൺകുഞ്ഞിന് ജന്മംനൽകി.