കീഴ്മാട്: കുട്ടമശ്ശേരി കുന്നുംപുറത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ പരീക്ഷാകേന്ദ്രത്തിലെത്തുന്നവർ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മേഖലയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. കുട്ടമശ്ശേരി ഭാഗത്തും കീഴ്മാട് സർക്കുലർ റോഡിൽ കുട്ടമശ്ശേരി മുതൽ അന്ധ വിദ്യാലയം വരെയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം.
ഇവിടെ പലപ്പോഴും ഒരുദിവസംതന്നെ മൂന്ന് പ്രാവശ്യമായാണ് പരീക്ഷ. അതിനാൽ ഒരു പരീക്ഷ കഴിഞ്ഞിറങ്ങുന്നവരും അടുത്ത പരീക്ഷക്ക് വരുന്നവരും ഒരേസമയം എത്തുമ്പോൾ ഗതാഗതതടസ്സം രൂക്ഷമാകുകയാണ്. രാജഗിരി ആശുപത്രിയിലേക്കുള്ള ആംബുലൻസ് അടക്കം വാഹനങ്ങളും ഗതാഗത തടസ്സത്തിൽപെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറുകളാണ് ഗതാഗതതടസ്സമുണ്ടായത്. ഇതുമൂലം ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിലും ഗതാഗതക്കുരുക്കുന്നുണ്ടാകുന്നു.
കുട്ടമശ്ശേരി-കീഴ്മാട് സർക്കുലർ റോഡാണ് പ്രധാനമായും വാഹനക്കുരുക്കിൽ വീർപ്പുമുട്ടാറുള്ളത്. കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കുമൂലം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ഈ റോഡിൽ. രണ്ട് പാർക്കിങ് ഗ്രൗണ്ടുകൾ പരീക്ഷാകേന്ദ്രത്തിന് സമീപം ഒരുക്കിയിട്ടുണ്ട്. ഇവിടെ പാർക്ക് ചെയ്യാതെ റോഡരികിൽ പാർക്ക് ചെയ്യുന്നതാണ് പ്രശ്നം.