കൊച്ചി: നഗരസഭയിലെ 33 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ഈ സാമ്പത്തികവർഷം പ്രവർത്തനം ആരംഭിക്കും. മേയര്‍ അഡ്വ. എം. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. 15ാം ധനകാര്യ കമീഷന്റെ ഫണ്ടില്‍നിന്ന് നഗരസഭയില്‍ 38 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് തുക അനുവദിച്ചത്. ഓരോ കേന്ദ്രത്തിലും ഒരു മെഡിക്കല്‍ ഓഫിസര്‍, സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപര്‍പസ് വര്‍ക്കര്‍, ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെ അഞ്ച് വിഭാഗം ജീവനക്കാര്‍ ഉണ്ടായിരിക്കും.
പണി പൂര്‍ത്തീകരിച്ച പാടിവട്ടം, അമരാവതി, എളംകുളം, കതൃക്കടവ്, തട്ടാഴം, കരീപ്പാലം തുടങ്ങിയ ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി ആറിന് നടക്കും. രണ്ടാംഘട്ടത്തിൽ 61, 60, 68, 33, 34, 20, 18 ഡിവിഷനുകളിലും ആരംഭിക്കും. മാര്‍ച്ച് 31ഓടെ 21 കേന്ദ്രങ്ങള്‍കൂടി പ്രവര്‍ത്തനം ആരംഭിക്കും. 1, 38, 56, 35 ഡിവിഷനുകളില്‍ ഇനിയും സ്ഥലം കണ്ടെത്താനായിട്ടില്ല. നിലവിലെ 12 അർബൻ പി.എച്ച്.സികളും പോളിക്ലിനിക്കുകളായി ഉയര്‍ത്തപ്പെടും.
കേരളത്തിലെ ആദ്യ അര്‍ബന്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ (അഞ്ച് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ) തേവരയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് ടി.കെ. അഷ്റഫ്, വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് പി.ആര്. റെനീഷ്, കോർപറേഷന് സെക്രട്ടറി വി. ചെല്‍സാസിനി, ഡി.പി.എം ഡോ. രോഹിണി തുടങ്ങിയവർ പങ്കെടുത്തു.