മട്ടാഞ്ചേരി: കൊച്ചി നഗരസഭ 24ാം ഡിവിഷനിൽ കഴുത്ത്മുട്ട് ഭാഗത്ത് പ്ലാസ്റ്റിക് കൂനക്ക് തീ പിടിച്ചു. നഗരസഭ വക സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മാലിന്യ കൂനക്കാണ് തീ പിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
തീ വലിയ തോതിൽ പടർന്നതോടെ പ്രദേശമാകെ ആശങ്കയിലായി. സമീപത്ത് തന്നെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനും സ്വകാര്യ ആശുപത്രിയുമുണ്ട്. തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തത്തിന് ഇടയാക്കിയേനേ. മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, ക്ലബ് റോഡ് എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്നി രക്ഷാസേനയുടെ സമയോചിത ഇടപെടലിൽ തീ മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് ഒഴിവായി. ജെ.സി.ബി ഇല്ലാത്തതിനാൽ പ്ലാസ്റ്റിക് കൂനയുടെ താഴെ ഭാഗത്തെ തീ അണക്കാൻ പ്രയാസം നേരിട്ടു.
പിന്നീട് ജെ.സി.ബി എത്തിച്ച ശേഷം രണ്ട് മണിക്കൂർ നേരത്തെ പരിശ്രമ ഫലമായാണ് തീയണക്കാൻ കഴിഞ്ഞത്. മട്ടാഞ്ചേരി അസി. സ്റ്റേഷൻ ഓഫീസർ കെ.ടി. പ്രഘോഷ്, എം.ആർ. മഹേഷ്, ബിബിൻ, കലേശ്, സജിത്ത്, പ്രശാന്ത്, സിജി കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.