
പെരുമ്പാവൂര്‍ സോഫിയ കോളജ് റോഡിലൂടെ പോകുന്ന കന്നുകാലികൾ
പെരുമ്പാവൂര്‍: കന്നുകാലികളെ കയറഴിച്ച് റോഡിലേക്കും പൊതു ഇടങ്ങളിലേക്കും വിടുന്നത് അപകടത്തിന് കാരണമാകുന്നതായി ആക്ഷേപം.
നഗരത്തിലാണ് പ്രധാന റോഡുകളിലൂടെ കന്നുകാലിക്കൂട്ടങ്ങള്‍ അലഞ്ഞുതിരിഞ്ഞ് അപകടക്കെണിയൊരുക്കുന്നത്. കൂട്ടത്തോടെ ഇവ കടന്നുപോകുമ്പോള്‍ വാഹനങ്ങള്‍ക്ക് പോകാനാകില്ലെന്ന് മാത്രമല്ല അപകടങ്ങളും പതിവാണ്. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രികര്‍ക്കും കനത്ത ഭീഷണിയാണ് ഇവയുടെ സഞ്ചാരം. പെട്ടെന്ന് മുന്നിലേക്ക് ചാടുമ്പോള്‍ പലപ്പോഴും ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്.
പെരുമ്പാവൂര്‍ സോഫിയ കോളജ് റോഡില്‍ നിന്ന് മിക്കപ്പോഴും രാവിലെ കന്നുകാലിക്കൂട്ടങ്ങള്‍ എ.എം റോഡിലേക്ക് കയറുന്നുണ്ട്. സ്വകാര്യ വ്യക്തികള്‍ വളര്‍ത്തുന്ന ഇവയെ സമീപത്തെ പറമ്പുകളിലേക്കും പാടത്തും മറ്റും മേയാന്‍ വിടുമ്പോള്‍ റോഡിലേക്ക് പോകുന്നതാണെന്ന് പറയപ്പെടുന്നു. ചിലത് സ്ഥിരമായി നഗരത്തില്‍ അലഞ്ഞുതിരിയുന്നുണ്ട്.
ടൗണിലും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഭാഗത്തും രാത്രിയിലും ഇവയുടെ സഞ്ചാരം സ്ഥിരം കാഴ്ചയാണെന്ന് വ്യാപാരികള്‍ പറയുന്നു. കന്നുകാലികളെ അലക്ഷ്യമായി കയറഴിച്ച് വിടുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
+ There are no comments
Add yours