
കൊച്ചി: ‘തപാൽ വകുപ്പിൽ സ്ഥിര നിയമനം ശരിയാക്കിത്തരാം, ആവശ്യപ്പെടുന്ന പൈസ തന്നാൽ മതി’ എന്ന് ആദ്യം വാഗ്ദാനം നൽകും, ഈ ഉറപ്പിൽ വീണുപോകുന്നവരെ കുടുക്കാനുള്ള തുടർവഴികൾ വേറെ.. അഭിമുഖവും നിയമന ഉത്തരവുംവരെ ഒറിജിനലിനെ വെല്ലുംവിധത്തിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട തപാൽ വകുപ്പ് ഓഫിസിൽ ജോലിയിൽ പ്രവേശിക്കാനെത്തുമ്പോഴാണ് പാവങ്ങൾ ചതി തിരിച്ചറിയുന്നത്. ഇതിനിടെ കിട്ടാനുള്ള പൈസയും വാങ്ങി, തട്ടിപ്പുകാർ സ്ഥലം വിട്ടിട്ടുണ്ടാകും.
പറഞ്ഞുവരുന്നത് മറ്റു പല വകുപ്പുകളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും പോലെ തപാൽ വകുപ്പിലും നടക്കുന്ന തൊഴിൽ തട്ടിപ്പുകളെ കുറിച്ചാണ്. ഇത്തരം തട്ടിപ്പുകളിൽചെന്ന് പെടാതിരിക്കാൻ പൊതുജനം ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മധ്യമേഖല (കൊച്ചി) തപാൽ വകുപ്പ് അധികൃതർ.
ഒക്ടോബറിൽ തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി ഞാറക്കൽ പൊലീസിന്റെ പിടിയിലായിരുന്നു. എളങ്കുന്നപ്പുഴ മാലിപ്പുറം സ്വദേശിനി മേരി ഡീനയാണ് (31) അറസ്റ്റിലായത്. ഇവർ ഞാറക്കൽ സ്വദേശിയായ പരാതിക്കാരനിൽനിന്നും ചക്യാത്ത് സ്വദേശിനിയിൽനിന്നുമായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നായിരുന്നു കേസ്.
തപാൽ വകുപ്പിന്റെ തൃശൂർ ആർ.എം.എസിൽ സോർട്ടിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്താണ് ഇവർ തൊഴിൽ തട്ടിപ്പ് നടത്തിയത്. സമാന കേസിൽ ഗീവർ കെ. റെജി എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇതല്ലാതെയും ഗ്രാമീൺ ഡാക് സേവക് ജോലി, പോസ്റ്റൽ അസിസ്റ്റന്റ് ജോലികൾ നൽകാമെന്ന് പറഞ്ഞ് ഉൾപ്പെടെ തട്ടിപ്പുകൾ നടത്തുന്നുണ്ട്. പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾവരെ ഇത്തരത്തിൽ തട്ടിയെടുക്കുന്നവരുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ തട്ടിപ്പുകളും മേഖലയിൽ വ്യാപകമാണ്. തപാൽ വകുപ്പുമായി ബന്ധപ്പെട്ടുള്ള ഇത്തരം തൊഴിൽ ചൂഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി വകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയത്.
നിയമനത്തിന് പണം വേണോ?
തപാൽ വകുപ്പ് നിയമന പ്രക്രിയക്ക് നിർദിഷ്ട അപേക്ഷാ ഫീസ് ഒഴികെ മറ്റൊരു ഫീസും ഈടാക്കുന്നില്ലെന്ന് മധ്യമേഖല പോസ്റ്റ്മാസ്റ്റർ ജനറൽ സയീദ് റാഷിദ് വ്യക്തമാക്കി. ഇത്തരത്തിൽ ആരെങ്കിലും പണം ചോദിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, വലിയൊരു തട്ടിപ്പിലേക്കാണ് നിങ്ങൾ തലവെച്ചുകൊടുക്കുന്നത്. കൂടാതെ തപാൽ വകുപ്പിലേക്കുള്ള നിയമന പ്രക്രിയ പൂർണമായും സുതാര്യമാണ്. എല്ലാ ഔദ്യോഗിക അറിയിപ്പുകളും അച്ചടി, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ് പ്രസിദ്ധീകരിക്കുന്നത്.
ഇടനിലക്കാരില്ലേ ഇല്ല..
തൊഴിൽ ഏജന്റുമാരായോ ഇടനിലക്കാരായോ പ്രവർത്തിക്കാൻ ഇന്ത്യ പോസ്റ്റ് ഒരു വ്യക്തിയെയും ഏജൻസിയെയും അധികാരപ്പെടുത്തിയിട്ടില്ല. ഇത്തരത്തിൽ സംശയാസ്പദമായ രീതിയിൽ ഉണ്ടാകുന്ന ജോലി ഓഫറുകളെയോ അത്തരം ഏജന്റുമാരെയോ കുറിച്ച് പൊതുജനങ്ങൾ ഉടൻ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്. www.indiapost.gov.in എന്ന വെബ്സൈറ്റ് മുഖേനയോ pmger.keralapost@gmail.com എന്ന ഇ-മെയിൽ ഐഡി വഴിയോ ആണ് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യേണ്ടത്.
+ There are no comments
Add yours