
തൃക്കാക്കര നഗരസഭ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം
കാക്കനാട്: രോഗികളുടെ ക്ഷമ പരീക്ഷിക്കുകയാണ് തൃക്കാക്കര നഗരസഭയുടെ കീഴിലെ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം. സൗകര്യങ്ങൾ മെച്ചപ്പെട്ടുവെങ്കിലും സേവനങ്ങൾ വളരെ ചുരുങ്ങിയെന്ന ആക്ഷേപം ശക്തമാണ്. ഡയാലിസിസ് സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആദ്യ കാലത്തുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും. ഇ.സി.ജി സംവിധാനം ഒരുക്കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം നേരത്തെ പാലിയേറ്റിവ് വിഭാഗം ഉപയോഗിച്ചു വന്നിരുന്നതാണ്. എന്നാൽ, ഇപ്പോൾ ഇവിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ പലവിധ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. എലികളും മറ്റും കയറി ഈ കവറുകൾ കടിച്ചുകീറിയ നിലയിലുമാണ്.�

കിടത്തിച്ചികിത്സക്ക് ഉപയോഗിച്ചു വന്ന കട്ടിലുകൾ പഴയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ തുരുമ്പെടുത്ത നിലയിൽ
മുമ്പ് 108 ആംബുലൻസ് സേവനം രാത്രി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും കൃത്യമായി ലഭിക്കുന്നില്ല. കാക്കനാട് പ്രാഥമികാരോഗ്യകേന്ദ്രം സംസ്ഥാന സർക്കാർ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി. രോഗീബാഹുല്യം കണക്കിലെടുക്കുമ്പോൾ എട്ട് ഡോക്ടർമാരെ വരെ നിയമിക്കേണ്ട സ്ഥാനത്താണ് നാലു പേരെ മാത്രംവെച്ച് ആരോഗ്യം നടന്നുപോകുന്നത്. ഇതു പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നപ്പോൾ ഇവിടെ കിടത്തി ചികിത്സ ഉണ്ടായിരുന്നു. പിന്നീട് പുതിയ കെട്ടിടം ഉൾപ്പെടെ പണിത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നതോടെ കിടത്തിച്ചികിത്സയും അന്യമായി. കിടത്തി ചികിത്സക്ക് ഉപയോഗിച്ചിരുന്ന കട്ടിലുകൾ പഴയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ തുരുമ്പെടുക്കുകയാണ്. ഇനി കമ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി ഉയർത്തിയാൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്.
ആശുപത്രി മനേജ്മെൻറ് കമ്മിറ്റി കൂടി ആശുപത്രി വികസനം പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നത് വളരെ അപൂർവമാണെന്നും ആക്ഷേപം ഉയരുന്നു.�