
ധീരജ് ഗിരി
കൊച്ചി: മട്ടാഞ്ചേരി സ്വദേശിയായ വ്യവസായിയുടെ ഫോണിലേക്ക് വാട്ട്സ്ആപ്പ് സന്ദേശമായി എ.പി.കെ ഫയൽ (ആൻഡ്രോയ്ഡ് പാക്കേജ് കിറ്റ്) അയച്ച് പത്തു ലക്ഷം രൂപ തട്ടിയെടുത്ത ഉത്തർപ്രദേശ് സ്വദേശിയെ അവിടെ പോയി പിടികൂടി പൊലീസ്. ഉത്തർ പ്രദേശ് ഗ്രേറ്റർ നോയിഡയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ധീരജ് ഗിരിയെയാണ് (28) മട്ടാഞ്ചേരി പൊലീസ് ദിവസങ്ങളുടെ പരിശ്രമത്തിനൊടുവിൽ പിടികൂടി കൊച്ചിയിലെത്തിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിലാകാനുണ്ട്.
മുഹമ്മദ് അലി എന്നയാളുടെ പരാതിയിലാണ് നടപടി. 2024 ഒക്ടോബർ 31ന് രാത്രി ഇദ്ദേഹത്തിന്റെ വാട്ട്സപ്പിലേക്കെത്തിയ എ.പി.കെ ഫയൽ ലിങ്ക് പരാതിക്കാരന്റെ മകൻ തുറന്നിരുന്നു. രാവിലെ എട്ടുമണിയോടെ ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പത്തു ലക്ഷം രൂപ നഷ്ടപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് കൊച്ചി ഡി.സി.പി ജുവനപ്പുഡി മഹേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൈബർ സെല്ലിന്റെയും സൈബർ ഡോമിന്റെയും ഇന്ത്യൻ സൈബർ ക്രൈം കോ ഓർഡിനേഷൻ സെൻററിന്റെയും സഹായത്തോടെ എ.പി.കെ ഫയൽ ഉണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തുകയായിരുന്നു. ഗൂഗിൾ കമ്പനിയുടെ സഹായത്തോടെ ഫയലുണ്ടാക്കിയ ആളുടെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി. ഗൂഗ്ൾ നൽകിയ ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി, ഐ.പി അഡ്രസ് തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതി ബംഗളുരുവിൽ 1.20 കോടിയുടെ തട്ടിപ്പ് നടത്തിയതായും വ്യക്തമായി.
പ്രതിയുടെ വിവരങ്ങൾ ലഭിച്ചതോടെയാണ് എസ്.ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയിലെത്തിയത്. നോയിഡയിൽ 5000ത്തിലേറെ കുടുംബങ്ങൾ താമസിക്കുന്ന എക്കോ വില്ലേജ് എന്ന വലിയ ഫ്ലാറ്റ് സമുച്ചയത്തിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്. അതിനാൽ കണ്ടെത്തുക പ്രയാസമായിരുന്നു. വാഹന നമ്പറും പാർക്കിങ് ഇടവും കേന്ദ്രീകരിച്ച് ഫ്ലാറ്റിൽ അഞ്ചു മണിക്കൂറിലേറെ പരിശോധന നടത്തിയണ് ധീരജിനെ കണ്ടെത്തിയത്. കൂട്ടുപ്രതിയുടെ പേരിലാണ് ബാങ്ക് അക്കൗണ്ടുകളെടുത്തതെങ്കിലും എല്ലാം ഇയാൾ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. പിടികൂടിയാലും പണം തിരികെ പിടിക്കാതിരിക്കാൻ ഏവിയേറ്റർ എന്ന ഓൺലൈൻ ഗെയിമിലേക്ക് പണം നിക്ഷേപിച്ച്, ഈ പണം പിന്നീട് പിൻവലിക്കുകയാണുണ്ടായത്. സീനിയർ സി.പി.ഒമാരായ എഡ്വിൻ റോസ്, സുബിത്ത് കുമാർ, ധനീഷ്, സി.പി.ഒ ഫെബിൻ എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ നോയിഡയിലെത്തി പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ക്ലിക്ക് ചെയ്യരുത്, എ.പി.കെ ഫയലിൽ
നഗരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൽ മുന്നറിയിപ്പുമായി കൊച്ചി സിറ്റി പൊലീസ്. അടുത്തിടെയായി നാല് കേസുകളിലെ പ്രതികളെയാണ് കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായി പൊലീസ് പിടികൂടിയത്.
ലക്ഷങ്ങൾ തട്ടിപ്പുകാരിൽ നിന്ന് പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. വാട്ട്സ്ആപ്പിലും മറ്റും വരുന്ന എ.പി.കെ ഫയൽ ക്ലിക് ചെയ്യുന്നതിലൂടെ തട്ടിപ്പുകാർക്ക് ഫോണിലെ സകല വിവരങ്ങളും ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയെടുക്കാനുള്ള സൗകര്യവും ഒരുക്കി നൽകുകയാണ് ചെയ്യുന്നതെന്ന് ഡി.സി.പി മുന്നറിയിപ്പ് നൽകി. സൈബർ തട്ടിപ്പുകൾക്കിരയായാൽ ഉടനടി പരാതി നൽകണമെന്നും ജുവനപ്പുഡി മഹേഷ് വ്യക്തമാക്കി.�