
കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ച നഗരസഭ കൗൺസിലർ അഭിലാഷ് തോപ്പിനെയും സമരക്കാരെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കുന്നു
മട്ടാഞ്ചേരി: കുടിവെള്ളം കിട്ടാതെ പൊറുതിമുട്ടിയ നാട്ടുകാരും നഗരസഭ കൗൺസിലർമാരും കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. കൗൺസിലർമാരായ രഞ്ജിത്ത് മാസ്റ്റർ, അഭിലാഷ് തോപ്പിൽ, ലൈല ദാസ്, ജീജ ടെൻസൻ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ വാട്ടർ അതോറിറ്റി ഓഫിസിന് മുമ്പിൽ പായ വിരിച്ചിരുന്ന് ഉപരോധിച്ചത്. പെരുമ്പടപ്പിൽ എം.എ. മാത്യു റോഡ്, കോവളം, എസ്.എൻ. റോഡ്, വൈലോപ്പിള്ളി റോഡ്, 14ാം ഡിവിഷനിൽ സർഗവേദി ലൈൻ, പൊക്കണാമുറി ലൈൻ, തങ്ങൾ നഗർ 15-ാം ഡിവിഷനിൽ കാതറിൻ കോൺവെൻറ്, ഡംസി പറമ്പ്, മാസ്റ്റർ ഷിപ്പ് യാർഡ്, കണ്ണേങ്ങാട്ട്, പാലമുറ്റം റോഡ്, 16ാം ഡിവിഷനിൽ മനേഴത്ത് പറമ്പ് ലൈൻ, തോപ്പുംപടി ഇ.എസ്.ഐ റോഡ് എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം അതിരൂക്ഷമായത്.
കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫിസിൽ രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും വിഷയം കേൾക്കാൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്താതിരുന്നത് ബഹളത്തിനിടയാക്കി. ഇതേതുടർന്നാണ് പ്രതിഷേധം ഉപരോധത്തിലേക്ക് നീങ്ങിയത്. ഉപരോധം കനത്തതോടെ പൊലീസ് കൗൺസിലർമാരെയും നാട്ടുകാരെയും അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കൗൺസിലർമാരെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് അസി. എൻജിനീയർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തുമെന്ന് ഉറപ്പ് നൽകി. പൊലീസ് അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പള്ളുരുത്തി, ഇടക്കൊച്ചി മേഖലയിൽ പലയിടത്തും പൈപ്പിലൂടെ ഉപ്പുവെള്ളവും ചെളിവെള്ളവുമാണ് വരുന്നത്. ഇത് പരിഹരിക്കാൻ പരാതികൾ പലകുറി നൽകിയിട്ടും വാട്ടർ അതോറിറ്റി ഒന്നും ചെയ്യുന്നില്ലെന്ന് കൗൺസിലർമാർ ആരോപിച്ചു.
മലിനജലം കുടിച്ചതിനെ തുടർന്ന് കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായതായി കൗൺസിലർമാർ എന്നിവർ പറഞ്ഞു. ഉപരോധ സമരത്തിന് തമ്പി സുബ്രഹ്മണ്യൻ, വി.എ. ആഷിഖ്, കെ.ടി. സിറാജ്, മധു വാർമയിൽ, ഡേവിഡ് ലിസൻ, എ.ജെ. ജെയിംസ്, റഫീക്ക് എമ്പക്ക് എന്നിവർ നേതൃത്വം നൽകി.