
ഞാറക്കൽ മഞ്ഞനക്കാട് നിന്ന് വൈറ്റില ഹബ് വരെ പോകുന്ന ആദ്യ ബസിന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി എറണാകുളം ഹൈകോർട്ട് ജങ്ഷനിൽ നൽകിയ സ്വീകരണം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള നിരന്തര സമര ഫലമായി ഞാറക്കലിൽ നിന്നുള്ള ആദ്യ ബസ് നഗരത്തിലെത്തി. ഞാറക്കൽ മഞ്ഞനക്കാട് നിന്ന് വൈറ്റില ഹബ് വരെ പോകുന്ന ‘തേജസ്വിനി’ എന്ന ബസാണ് രാവിലെ 7.54ന് സർവിസ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സമിതിയുടെ നേതൃത്വത്തിൽ ഹൈകോർട്ട് ജങ്ഷനിൽ പൂജ നടത്തി.
2004 ജൂൺ അഞ്ചിന് ഗോശ്രീ പാലം ഗതാഗതത്തിനായി തുറന്നിട്ട് 20 വർഷം പൂർത്തിയായിട്ടും നഗരത്തിലേക്ക് ഗോശ്രീ ബസുകൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. 20 വർഷമായി കരിനിയമങ്ങളാൽ ചങ്ങലയിൽ ബന്ധിതരായിരുന്ന വൈപ്പിൻ ജനതയെ മോചിപ്പിക്കുന്നതിന്റെ പ്രതീകാത്മക ചിത്രീകരണവും നടന്നു. ചങ്ങലയിൽ ബന്ധിതനായ സമിതി സെക്രട്ടറി ടൈറ്റസ് പൂപ്പാടിയെ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ചങ്ങല പൊട്ടിച്ച് സ്വതന്ത്രനാക്കി. ബസുടമയും കണ്ടക്ടറുമായ ആർ. രാജേഷ്, ഡ്രൈവർ മുഹമ്മദ് അസ്ലം എന്നിവർക്ക് സ്വീകരണവും നൽകി.
21 ബസുകൾക്ക് നഗര പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിലെ ആദ്യ ബസാണ് ബുധനാഴ്ച നഗരത്തിൽ പ്രവേശിച്ചത്. ഘട്ടംഘട്ടമായി മറ്റ് ബസുകളും സർവിസ് ആരംഭിക്കും. നഗര പ്രവേശനം സാധ്യമാക്കാൻ മുൻകൈ എടുത്ത ജനപ്രധിനിധികൾക്കും ഉദ്യോഗസ്ഥർക്കും നന്ദി അർപ്പിക്കുന്നതായി സമിതി നേതാക്കൾ വ്യക്തമാക്കി. പരിപാടിയിൽ വൈസ് ചെയർമാൻ ജോസഫ് നരികുളം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം. രാജഗോപാൽ, ജനറൽ കൺവീനർ ജോളി ജോസഫ്, കൺവീനർ ആന്റണി പുന്നത്തറ, ഫ്രാൻസിസ് അറക്കൽ, ടൈറ്റസ് പൂപ്പാടി, റോസിലി ജോസഫ്, സെബാസ്റ്റ്യൻ തേക്കാനത്ത്, രാജു മാതിരപ്പിള്ളി, മണി തേങ്ങാത്തറ തുടങ്ങിയവർ സംസാരിച്ചു.
‘സമരം തുടരും’
അന്തിമ വിജ്ഞാപനത്തിൽ 25 കിലോമീറ്റർ ദൂരത്തിൽ മാത്രമേ വൈപ്പിൻ ബസുകൾക്ക് നഗര പ്രവേശനം അനുവദിക്കൂ എന്ന നിബന്ധന മാറ്റി നാറ്റ്പാക് നിർദേശിച്ച രീതിയിൽ 70 ബസുകളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റണം. നിലവിൽ എടവനക്കാട് മുതലുള്ള ബസുകൾക്ക് മാത്രമേ നഗരത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. പറവൂർ, കൊടുങ്ങല്ലൂർ, മുനമ്പം ബസുകൾക്ക് ഇപ്പോഴും ഹൈകോടതി വരെ മാത്രമേ പ്രവേശിക്കാനാവൂ. ഈ നിയമം മാറ്റി വൈപ്പിൻ ഗോശ്രീ പാലം വഴി സർവിസ് നടത്തുന്ന ബസുകൾക്ക് യഥേഷ്ടം നഗരത്തിലേക്ക് കടക്കാനുള്ള അനുവാദം ലഭിക്കും വരെ സമരം തുടരും.
പോൾ ജെ. മാമ്പിള്ളി�(ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ)