
ഡമ്പിങ് യാർഡ്
മൂവാറ്റുപുഴ: നഗരസഭക്ക് കീഴിലെ മാലിന്യ സംസ്കരണ കേന്ദ്രമായ വളക്കുഴി ഡമ്പിങ് യാർഡിൽ ബയോമൈനിങ്ങിന് തിങ്കളാഴ്ച തുടക്കമാകും. ആറ് പതിറ്റാണ്ടായി നഗരത്തിന്റെ മുഴുവന്‍ മാലിന്യവും പേറുന്ന യാര്‍ഡില്‍ ബയോമൈനിങ്ങിനുള്ള കൂറ്റന്‍ യന്ത്രങ്ങള്‍ നാഗ്പൂരില്‍ നിന്ന് എത്തിച്ചിട്ട് ഏഴ് മാസമായെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അടക്കം അനുമതി ലഭിക്കാൻ കാല താമസം വന്നതാണ് വൈകാൻ കാരണമായത്.
കേരള ഖര മാലിന്യ പരിപാലന പദ്ധതി പ്രകാരം നഗരസഭ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ ബയോ മൈനിങ് നടത്തുന്നതിനായി 10.82 കോടി രൂപയാണ് അനുവദിച്ചത്. നാഗ്പൂർ ആസ്ഥാനമായിട്ടുള്ള എസ്.എം.എസ് ലിമിറ്റഡാണ് കരാർ ഏറ്റെടുത്തത്. കഴിഞ്ഞ ഏപ്രിൽ 28നാണ് യന്ത്രങ്ങൾ ഇവിടെ എത്തിച്ചത്. മെയ് ഒന്നിന് മൈനിങ് ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച ശേഷമേ വളക്കുഴിയിൽ ബയോ മൈനിങ് ആരംഭിക്കേണ്ടതുള്ളൂവെന്ന് നഗരസഭ അധികൃതർ നിലപാടെടുത്തു.
തുടർന്ന് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളായി പ്രദേശവാസികളുടെ യോഗം ചേർന്ന് ആശങ്കകൾ പരിഹരിക്കുകയായിരുന്നു.
മൈനിങിനിടെ ഉണ്ടാകാന്‍ ഇടയുളള ദുർഗന്ധം, പ്രാണി ശല്യം, പൊടി എന്നിവ പ്രതിരോധിക്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ച മുന്നൊരുക്കങ്ങളും നടത്തി. പൊടി കുറക്കാൻ വെള്ളം പമ്പ് ചെയ്യൽ, ഗ്രീൻ നെറ്റ് ഉപയോഗിച്ച് യാർഡ് മറക്കൽ, ദുർഗന്ധ നാശിനികൾ ഉപയോഗിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും. ഗതാഗതം തടസപ്പെടാതിരിക്കാൻ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
നാലര ഏക്കർ വിസ്തൃതി വരുന്ന വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഭൂനിരപ്പിന് മുകളിൽ 31995 ക്യൂബിക് മീറ്ററും താഴെ 55905 ക്യുബിക് മീറ്ററും മാലിന്യം നിലവിലുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് ഏകദേശം 44589.18 മെട്രിക് ടൺ വരും. ആറ് മാസത്തിനകം മാലിന്യം മാലിന്യം മുഴുവൻ നീക്കാനാണ് ലക്ഷ്യമിടുന്നത്.
1962 മുതൽ മൂവാറ്റുപുഴ നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമായി പ്രവർത്തിക്കുന്ന വളക്കുഴിയിൽ നിരവധി തവണ വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഗുണകരമായില്ല. രൂക്ഷമായ ദുർഗന്ധവും കാക്ക ശല്യവും കൊതുക് ശല്യവും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്.
ബയോ മൈനിങ് എന്നാൽ
ഡമ്പിങ് യാർഡിൽ കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ യന്ത്ര സഹായത്തോടെ കുഴിച്ചെടുത്ത് തരംതിരിച്ച് വേർതിരിച്ച് സ്ഥലത്ത് നിന്നും സുരക്ഷിതമായി നീക്കം ചെയ്ത് മലിനമായ ഭൂമിയെ വീണ്ടെടുക്കുന്നതാണ് പ്രക്രിയ. കുഴിച്ചെടുക്കുന്നവയില് ജൈവ മാലിന്യങ്ങള്‍ വിന്‍ഡ്രോ, ലാര്‍വ കമ്പോസ്റ്റിങ് വഴി ജൈവ വളമാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ഏജന്‍സിക്ക് കൈമാറും. ശേഷിക്കുന്ന മണ്ണ് മാത്രം യാര്‍ഡില്‍ നിക്ഷേപിക്കും.
ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ നഗരത്തില്‍ നിന്ന് ശേഖരിച്ച് ഇവിടെ എത്തിക്കുന്ന മാലിന്യം തരം തിരിച്ച് അന്ന് തന്നെ സംസ്കരിക്കും. ബയോ മൈനിങിന് ശേഷം വളക്കുഴിയില്‍ മാലിന്യ നിക്ഷേപം ഉണ്ടാകില്ല. ആധുനിക സംവിധാനം ഉപയോഗിച്ച് സംസ്ക്കരിക്കും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗ നിർദേശപ്രകാരം ആയിരിക്കും ആധുനിക യന്ത്ര സഹായത്തോടെ ബയോമൈനിങ് നടത്തുക.�