കാക്കനാട്: ഡി.എല്‍.എഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇ-കോളി അണുബാധയെന്ന് കണ്ടെത്തല്‍. ബോർവെല്ലുകളിൽനിന്ന് വെള്ളം സ്റ്റോർ ചെയ്യുന്ന സംഭരണിയിലെ വെള്ളത്തിലാണ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചത്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ഡൊമെസ്റ്റിക് ടാപ്പുകൾ, കിണറുകൾ, ടാങ്കർ ലോറികളിൽ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയിൽനിന്നായി ആരോഗ്യ വിഭാഗം സാമ്പിളുകളാണ് പരിശോധനക്കെടുത്തത്. ഇതിൽ ബോർവെല്ലിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലെ വെള്ളത്തിൽ മാത്രമാണ് ഇ-കോളി സാന്നിധ്യം കണ്ടെത്തിയത്.
ജലസംഭരണി ശുചീകരിക്കാനും വാൽവ് മാറ്റിസ്ഥാപിക്കാനും ആരോഗ്യവിഭാഗം നിർദേശം നൽകി. ഇതുവരെ 34 പേരാണ് വയറിളക്കവും ഛർദിയും പനിയുമായി ചികിത്സ തേടിയത്.
അതേസമയം, നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സ്ക്വാഡ് ഡി.എൽ.എഫിൽ പ്രതിരോധ പ്രവർത്തനങ്ങളും ശുചിത്വ പരിശോധനയും തുടരുകയാണ്. നഗരസഭ ചെയർപേഴ്സൻ രാധാമണിപ്പിള്ള, വൈസ് ചെയർമാൻ അബ്ദുഷാന, വികസന സ്ഥിരം സമിതി അധ്യക്ഷ സ്മിത സണ്ണി തുടങ്ങിയവർ ഫ്ലാറ്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.