മൂവാറ്റുപുഴ: മുറിക്കല്ല് ബൈപാസിന് പുതിയതായി ഏറ്റെടുത്ത സ്ഥലങ്ങളിൽ ജിയോ ടാഗ് പരിശോധന നടത്തി അതിർത്തി നിർണയം പൂർത്തിയാക്കി.
സംസ്ഥാനത്ത് തന്നെ കെ.ആർ.എഫ്.ബിയുടെ ഇത്രയും പഴയ പ്രോജക്ടിൽ ആദ്യമായാണ് ജിയോ ടാഗ് നടത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ സ്ഥലങ്ങൾ ഏറ്റെടുത്ത് അതിർത്തി കല്ലുകൾ സ്ഥാപിച്ചശേഷം പലയിടങ്ങളിലും പിന്നീട് ആളുകൾ കല്ലുകൾ മാറ്റി സ്ഥാപിക്കുകയും പണി ആരംഭിക്കുന്ന ഘട്ടത്തിൽ ഇവ തർക്കവിഷയമാവുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യം നഗരവികസന പ്രവർത്തനങ്ങളിലും മുറിക്കല്ല് ബൈപാസിന്റെ സ്ഥലമേറ്റെടുപ്പ് ഘട്ടത്തിലും ഉടനീളം ഉണ്ടായിട്ടുണ്ട്. മൂവാറ്റുപുഴ നഗര വികസന പ്രവർത്തനം പല ഘട്ടങ്ങളിലും നിർത്തിവെക്കാൻ ഇടയായതും ഇത്തരം സാഹചര്യമാണ്.
മുറിക്കല്ല് ബൈപാസ് നിർമാണസമയത്ത് ഇത് ഒഴിവാക്കുന്നതിനായി ഏറ്റെടുത്ത സ്ഥലങ്ങളിൽ മുഴുവൻ ആധുനിക സംവിധാനങ്ങളോടെ ജിയോ ടാഗിങ് പൂർത്തീകരിക്കണമെന്ന് നിരവധി തവണ സർവേ ഡയറക്ടറോടും ജില്ല കലക്ടറോടും എം.എൽ.എ ആവശ്യപ്പെടുകയും ജില്ല വികസന സമിതി യോഗത്തിൽ ഇത് ഉന്നയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ജിയോ ടാഗ് നടത്തി അതിരുകൾ നിർണയിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ജിയോ ടാഗിങ് പൂർത്തീകരിക്കുന്നത് വഴി ഏറ്റെടുത്ത സ്ഥലങ്ങളിലെ സർവേ കല്ലുകൾ ഇനി മാറ്റിസ്ഥാപിച്ചാലും അതിരടയാളങ്ങൾ നഷ്ടപ്പെടില്ലന്ന് എം.എൽ.എ പറഞ്ഞു.
ഇതോടെ മുറിക്കൽ ബൈപാസ് നിർമാണ പ്രവർത്തനം ആരംഭിക്കുന്ന ഘട്ടത്തിൽ അനാവശ്യ തർക്കങ്ങൾ ചൂണ്ടിക്കാട്ടി പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.