നെടുമ്പാശ്ശേരി: കേരളത്തിൽ മരിക്കുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ തൊഴിൽ വകുപ്പ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വഴി നാല് മൃതദേഹങ്ങൾ അയക്കാൻ കഴിഞ്ഞത് സന്നദ്ധ സംഘടനയുടെ സഹായം കൊണ്ടാണ്.
ലേബർ ഡിപ്പാർട്ട്മെന്റായിരുന്നു മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള പണം നൽകിയിരുന്നത്. പിന്നീട് ലേബർ ഡിപ്പാർട്ട്മെന്റിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മൃതദേഹങ്ങൾ മാത്രമേ എത്തിക്കാൻ തയാറുകുന്നുള്ളൂവെന്നാണ് ആക്ഷേപം.
കഴിഞ്ഞ കുറെ നാളുകളായി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നെ ലേബർ വകുപ്പ് നൽകുന്നില്ല. ഇതിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് തൊഴിലുടമയോ, മരണപ്പെട്ട തൊഴിലാളിയുടെ ബന്ധുക്കളോ പണം മുടക്കിയാണ്. തൊഴിലാളികൾ പരസ്പരം പിരിവെടുത്ത് മൃതദേഹം കൊണ്ടുപോകുന്ന സംഭവങ്ങളും ഉണ്ട്. നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത മൃതദേഹങ്ങൾ കേരളത്തിൽ സംസ്കരിക്കുന്ന സംഭവങ്ങളും കൂടി വരുന്നു. ആംബുലൻസിൽ മൃതദേഹങ്ങൾ അവരുടെ നാടുകളിലേക്ക് എത്തിക്കുമ്പോൾ രണ്ടുമുതൽ നാല് ദിവസം വരെ എടുക്കുന്നതിനൊപ്പം ഒരു ലക്ഷം രൂപക്ക് മുകളിൽ ചിലവും വരും.
വിമാന മാർഗം ആകുമ്പോൾ മൃതദേഹം വേഗത്തിൽ എത്തിക്കാൻ കഴിയുന്നതിനൊപ്പം ചെലവുകളും കുറവാണ്. മുമ്പ് 40,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സ്വകാര്യ ഏജൻസികൾ വാങ്ങിയാണ് തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാന മാർഗം കൊണ്ടുപോയിരുന്നത്. ജാർഖണ്ഡ് സർക്കാർ തൊഴിലാളികളുടെ മൃതദേഹം എത്തിക്കുന്നതിന് പണം നൽകുന്നുണ്ട്. മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അവരുടെ സംസ്ഥാന സർക്കാറുകൾ ചെറിയ സാമ്പത്തിക സഹായം നൽകുന്നുണ്ട്. അതിന് മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ്. സ്വകാര്യ ഏജൻസികൾ വഴി മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ പിന്നീട് മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഇവർക്ക് ലഭിക്കാറില്ല. അതിനാൽ തന്നെ സർക്കാർ നൽകുന്ന സാമ്പത്തിക സഹായവും ഇവർക്ക് ലഭിക്കില്ല.