മൂവാറ്റുപുഴ: കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പള്ളിച്ചിറങ്ങര ചിറ ടൂറിസം പദ്ധതി യാഥാർഥ്യമായില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് ആവശ്യമുയർന്ന പദ്ധതി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലങ്ങളിലെ സ്ഥിരം വാഗ്ദാനങ്ങളിൽ ഒതുങ്ങുകയായിരുന്നു. ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് മൂന്നു വർഷം മുമ്പ് പഞ്ചായത്ത് സംസ്ഥാന സർക്കാറിന്റെ ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയിൽ പെടുത്തി ചിറ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കാൻ പദ്ധതി തയ്യാറാക്കി സമർപ്പിച്ചു.
1.4 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് 60 ശതമാനം സംസ്ഥാന സർക്കാറും ബാക്കി തുക പഞ്ചായത്തും മുടക്കുന്ന തരത്തിലായിരുന്നു പദ്ധതി തയാറാക്കിയത്. ഇതേത്തുടർന്ന് ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥർ ചിറ സന്ദർശിച്ച് പദ്ധതി വിലയിരുത്തിയെങ്കിലും ഇവിടംപദ്ധതിക്ക് അനുയോജ്യമല്ലന്ന് കണ്ടെത്തി ഫയൽ മടക്കുകയായിരുന്നു.
ഇതിനിടെ പദ്ധതിക്ക് മുൻകൈയെടുത്ത യു.ഡി.എഫ് ഭരണസമിതിക്ക് അധികാരം നഷ്ടമാകുകയും ചെയ്തു. പുതിയ ഭരണസമിതി ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ തയാറായിട്ടില്ല. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എം.സി റോഡിലെ പള്ളിച്ചിറങ്ങരയില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഏക്കറോളം വരുന്ന സ്ഥലത്തെ ചിറ കേന്ദ്രീകരിച്ചാണ് പദ്ധതി തയാറാക്കിയിരുന്നത്. ചിറക്ക് ചുറ്റും നടപ്പാത, ചിറയില്‍ പെഡല്‍ ബോട്ടിങ്, നീന്തല്‍ പരിശീലനം, റിവോള്‍വിങ് റസ്റ്റോറന്റ്, കുളിക്കടവുകള്‍ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള പദ്ധതിയാണ് തയാറാക്കിയത്. ഇതിനു പുറമെ മീൻ വളർത്തലും ഉണ്ട്. ചിറക്ക് കുറുകെ മേൽപാലം നിർമിക്കുന്നതിനും പദ്ധതി തയാറാക്കിയിരുന്നു.
ഇതിന് മുന്നോടിയായി ചിറയിൽ വർഷം മുഴുവൻ ജലനിരപ്പ് നിലനിർത്താനും പദ്ധതിയും തയാറാക്കിയിരുന്നു. വേനല്‍ക്കാലത്ത് വെള്ളം വറ്റിപ്പോകുന്ന ചിറയില്‍ 12 മാസവും വെള്ളം നിലനിര്‍ത്താന്‍ പെരിയാര്‍വാലിയുടെ തൃക്കളത്തൂര്‍ കനാലില്‍നിന്ന് ലിഫ്റ്റ് ഇറിഗേഷന്‍ വഴി ചിറയില്‍ വെള്ളമത്തെിക്കാനായിരുന്നു പദ്ധതി. തൃക്കളത്തൂര്‍ പാടശേഖരത്തില്‍ കിണര്‍ കുഴിച്ച് പൈപ്പ് വഴി വെള്ളം എത്തിക്കുന്നതിന് പദ്ധതി പൂർത്തിയാക്കുകയും ചിറയിൽ വെള്ളം എത്തിക്കുകയും ചെയ്തു.
വേനല്‍ക്കാലത്ത് ചിറയില്‍ ജലനിരപ്പ് നിലനിർത്താനായതോടെ ശബരിമല സീസണില്‍ തീര്‍ഥാടകര്‍ക്ക് കുളിക്കാനും മറ്റും ചിറയെ ഉപയോഗപ്പെടുത്താനാകും. ചിറയില്‍ വെള്ളത്തിന്റെ അളവ് നിലനിർത്താനായതോടെ ശുദ്ധജല ക്ഷാമത്തിനും കാര്‍ഷികമേഖലക്കും ഗുണകരമായി. ഒരു പതിറ്റാണ്ട് മുമ്പ് കെ.എച്ച്. സിദ്ധീഖ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് പള്ളിച്ചിറങ്ങര ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.