പെരുമ്പാവൂര്‍: വാഹനങ്ങളുടെ ഓവര്‍ടേക്കിങ് മൂലം പെരുമ്പാവൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ അപകടം പതിവാകുന്നു. വെള്ളിയാഴ്ച രാവിലെ 7.30ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടോറസ് ലോറി പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അഖിലിന്റെ ബൈക്കില്‍ ഇടിച്ചു. ഡ്യൂട്ടിക്കു പോകുകയായിരുന്ന അഖില്‍ വലിയ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട് നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ലോറിയുടെ അടിയില്‍പ്പെട്ട ബൈക്ക് തകര്‍ന്നു. ലോറി അമിത വേഗത്തിലായിരുന്നുവെന്നും തലനാരിഴക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ ഭാഗത്ത് വാഹനങ്ങള്‍ ക്രമം പാലിക്കാനും കാല്‍നടക്കാര്‍ക്ക് കടന്നുപോകാനും മഞ്ഞവരകള്‍ രേഖപ്പെടുത്തിയ ഭാഗത്താണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നത്. കിഴക്ക് ഭാഗത്ത്നിന്ന് വരുന്ന ബസുകളും ലോറികളും ഉൾപ്പെടെ അമിതവേഗത്തിൽ സഞ്ചരിക്കുന്നതും ഓവര്‍ടേക്ക് ചെയ്യുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. തൊട്ടടുത്ത സിഗന്ല്‍ ജങ്ഷനിലേക്ക് എത്താനാണ് അമിത വേഗത്തിൽ ഓവര്‍ടേക്ക് ചെയ്യുന്നത്.
വഴിയുടെ വശങ്ങളിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങളും കാല്‍നടക്കാരെയും വകവെക്കാതെയാണ് ഓവര്‍ടേക്കിങ്. മിക്കപ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും നിസ്സാരമായതുകൊണ്ട് ആരും അറിയാറില്ല. ഈ ഭാഗങ്ങളില്‍ ട്രാഫിക് നിയന്ത്രണത്തിന് പൊലീസുണ്ടെങ്കിലും അവരെയും അവഗണിച്ചാണ് നിയമ ലംഘനം. നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കും കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലേക്കും സിനിമ തിയറ്ററിലേക്കും തിരിയുന്ന സ്ഥലവുമായതിനാല്‍ എല്ലാ സമയത്തും തിരക്കുള്ള ഭാഗമാണ് മാര്‍ക്കറ്റ് ജങ്ഷന്. മൂന്നു വരികളായി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം മറികടന്ന് നാല് വരിയായിട്ടാണ് ഇവിടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. കാമറ ഇല്ലാത്തതിനാല്‍ നിയമലംഘനം കണ്ടെത്താനാകില്ല.